പാലക്കാട്ടെ കണ്യാര്‍കളിപ്രേമികള്‍ തങ്ങളുടെ കലാസ്നേഹത്തോടൊപ്പം ആരാധിക്കുന്ന വ്യക്തിയാണ് ‘ദ്വാരകാകൃഷ്ണന്‍’ ആശാന്. കണ്യാര്‍കളി എന്ന അനുഷ്ഠനാകലയുടെ പര്യായം എന്ന് കലാസ്നേഹികള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് നിറസാന്നിധ്യമാണ്. കളിയാശാനായും, വേഷക്കാരനായും ഒക്കെ, അരങ്ങ് കീഴടക്കിയ ആശാന്റെ, ആലാപന വൈഭവം ഒന്നുവേറെ തന്നെ. കണ്യാര്കളിയുടെ ലോകത്ത്, ഇദ്ദേഹത്തെ ഉന്നതിയില്‍ എത്തിച്ച പ്രധാനപ്പെട്ട ഘടകവും ഇതുതന്നെ.
കണ്യാര്‍കളിപ്പാട്ടുകളില്‍ നിറഞ്ഞുനില്ക്കുന്ന നാടോടിത്തത്തെ അതിന്റെ പരമാവധിയില്‍ എത്തിച്ചുകൊണ്ടുള്ള ആലാപന രീതി ആസ്വാദക വൃന്ദത്തിന്റെ മനസ്സ് കീഴടക്കി. നാടോടിപ്പാട്ടുകള്‍ക്ക് യോജിച്ച ശാരീരമഹിമയും, വരികളിലെ ഭാവങ്ങളെ ഉള്‍ക്കൊണ്ട ആലാപന ശൈലിയും, കണ്യാര് കളി രംഗത്ത് ആര്‍ക്കും അവകാശപ്പെടാനാകാത്ത തലത്തില്‍ ആശാനെ എത്തിച്ചു.
നാടോടിപ്പാട്ടിലേക്ക്, ശാസ്ത്രീയ സംഗീതത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ച് കലാസ്വാദനം സാധ്യമാക്കാം എന്ന് കണ്യാര്‍കളിയിലെ ‘അയിലൂര്‍ ശൈലി’സാക്ഷ്യപ്പെടുത്തുന്നു. നാടോടിപ്പാട്ടുകളെ അതേ ശൈലിയില്‍, അനായാസമായി മേല്സ്ഥായില് പാടി, ശുദ്ധസംഗീതത്തിന്റെ നൈസര്‍ഗിക സംഗതികള്‍ വേണ്ട അളവില്‍ ചേര്‍ത്ത്, ശ്രവണസുന്ദരമായ രീതിയില്‍ പാടി ഫലിപ്പിച്ചുകൊണ്ട് കണ്യാര്‍കളി പാട്ടിന് നവ്യമായ ഒരു ആലപാനശൈലി ദ്വാരകാശാന്‍ ഒരുക്കിയെടുത്തു…
കണ്യാര്‍കളിക്ക് പ്രസിദ്ധികേട്ട പാലക്കാടന്‍ ഗ്രാമമായ പല്ലശ്ശനയാണ് ദ്വാരകാശാന്റെ ജന്മനാട്. ആചാരങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍, നൂറ്റാണ്ടുകളോളം പുറംലോകം കാണാതെ ഒതുങ്ങിക്കൂടി കണ്യാര്‍കളി, ഇന്ന് ചെറിയതോതിലെങ്കിലും ലോകമറിയാന്‍ തുടങ്ങിയെങ്കില്‍, അതില്‍ ദ്വാരകാകൃഷ്ണന്റെ കലാപ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. ‘നായര്‍ സമുദായത്തിന്റെ സ്വന്തം കല’ എന്ന് ഖ്യാതി നേടിയ കണ്യാര്‍കളിയെ ഇതര സമുദായങ്ങള്‍ക്കിടയിലും അഭ്യസിപ്പിച്ച് പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആചാര്യന്മാരില് പ്രധാനിയാണ് ഇദ്ദേഹം.
സ്വസമുദായത്തിലെ പലര്‍ക്കും ദ്വാരകാശന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വരികയും, തന്മൂലം അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങളും മറ്റും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. എന്തൊക്കെ തന്നെയായാലും, കലയിലെ അതിജ്ഞാനം കൊണ്ട് കരക്കാരുടെയെല്ലാം പ്രിയങ്കരനായ ആശാനയി മാറുകയായിരുന്നു പലശ്ശന ദ്വാരകാകൃഷ്ണന്‍..
പാട്ടുകാരനായും, ആശാനയും മാത്രമല്ല വേഷക്കാരനായും അരങ്ങിലെ അധിപനായി ദ്വാരകാകൃഷ്ണന്‍ മാറി. കണ്യാര്‍കളിയിലെ സ്ത്രീവേഷമായ ‘കുറത്തി’ യെ ആടി ഫലിപ്പിക്കാന്‍ ഇന്നോളം ഒരുപുതുജന്മം ഉണ്ടായിട്ടില്ല. ദ്വാരകാശാന്റെ പുകള്‍പെറ്റ കുറത്തിയഴക് വര്‍ണ്ണനാതീതമാണ്.
കണ്യാര്‍കളി രംഗത്ത് ദ്വാരകാകൃഷ്ണന്‍ ആശാന്റെ ഗുരു മഠത്തില്‍ ശിവശങ്കരന് നായരാണ്. കണ്യാര്‍കളി രംഗത്തുനിന്ന് ആദ്യമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡു നേടിയ കലാകാരനാണദ്ദേഹം. കണ്യര്‍കളിയുടെ സമവാക്യമായി ഇന്നും അദ്ദേഹത്തെ കലാസ്നേഹികള്‍ ആദരിച്ചുപോരുന്നു.
കണ്യാര്‍കളി രംഗത്തിന് നല്കിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി 2003 ബല് കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്കി ദ്വാരകാകൃഷ്ണന്‍ ആശാനെ ആദരിച്ചിട്ടുണ്ട്. കേരള ഫോക്ലോര് അക്കാദമി പുരസ്കാരം, പ്രഥമ ദുബായ് മേളം പുരസ്ക്കാരം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കലാസേവനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ്. കാലങ്ങളെ ജയിച്ച കണ്യാര്കളിയുടെ ലോകത്ത്, കൈകളിലിണങ്ങുന്ന ഓട്ടുതാളങ്ങള്‍ക്ക് ഒത്ത നാദ മാധുരിയുമായി ഇദ്ദേഹം വിരാജിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: