ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാന്‍ഡ്രിയ. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേര് അന്വര്‍ത്ഥവും അനശ്വരവുമാക്കിയ ഭൂപ്രദേശം. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍നിന്ന് ഏകദേശം ഇരുനൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.
അലക്സാന്‍ഡ്രിയയിലേക്കുള്ള യാത്ര ബസ്സിലായിരുന്നു. രാവിലെ ഏഴരയ്ക്ക് പുറപ്പെട്ടു. ഏകദേശം മുപ്പതുപേരുണ്ടായിരുന്നു ബസില്‍. നഗരാതിര്‍ത്തി കഴിഞ്ഞപ്പോള്‍ റോഡില്‍ തിരക്കൊഴിഞ്ഞു കാണപ്പെട്ടു. നീണ്ടുനിവര്‍ന്നു കിടക്കുന്നു വഴി. ഇരുവശങ്ങളിലും കൃഷിയിടങ്ങള്‍. ചതുപ്പുകേന്ദ്രങ്ങള്. പഴം-പച്ചക്കറിേത്താട്ടങ്ങള്. ഇടയ്ക്കു തെളിയുന്ന മരുഭൂമിയുടെ വന്യത. ഒറ്റപ്പെട്ടു കാണപ്പെടുന്ന വീടുകള്‍. വീടുകള്‍ക്കു മുകളില്‍ പ്രാവിനെ വളര്‍ത്തുന്ന കൂടുകള്‍. മാറിമറിഞ്ഞുവരുന്ന വഴിയോരക്കാഴ്ചകള്‍. ആദ്യമെല്ലാം ആ കാഴ്ചകള്‍ രസകരമായിരുന്നു. ആവര്‍ത്തനമായപ്പോള്‍ വിരസത തോന്നി. ശീതീകരണ സൗകര്യമുള്ള ബസിനുള്ളിലെ കുളിര്‍മയില്‍ ടൂറിസ്റ്റുകള്‍ പലരും ഉറക്കത്തിലായി. ബസിന്റെ മുകളില്‍ കണ്ണാടിക്കു മുന്നില്‍ അനന്തമായി കിടക്കുന്ന റോഡിന്റെ നേര്‍വര. ബസിനുള്ളില്‍ നിശ്ശബ്ദത. കാഴ്ചകള്‍ കണ്ട് ഞാനുമുറങ്ങിപ്പോയി. ഉറക്കത്തിന്റെയൊടുവില്‍, അലക്സാന്‍ഡ്രിയയില്‍ എത്തിയെന്ന് ഡ്രൈവര്‍ അറിയിച്ചു.
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരില്‍ അടയാളപ്പെടുത്തിയ ഈ ഒരുതുണ്ടു ഭൂമിയെ മദ്ധ്യധരണ്യാഴിയുടെ മണവാട്ടിയായി വിശേഷിപ്പിക്കുന്നു. ഇവിടെ കടല്‍ത്തീരം ഒരു നെക്ലേസുപോലെയാണ് രൂപപ്പെട്ടിരിക്കുന്നത്. നാല്പതോളം കിലോമീറ്റര്‍ ദൂരം മദ്ധ്യധരണ്യാഴിയുമായി ചേര്‍ന്നുകിടക്കുന്നു. വ്യാവസായികമായി ഏറ്റവും മുന്നില്‍ നില്ക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലൊന്നാണിത്. ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നാലു ദശലക്ഷത്തോളമാളുകള്‍ ഉണ്ടിവിടെ. ഇവിടുത്തെ അധിനിവേശ ശക്തികളായിരുന്ന ഗ്രീക്കോ-റോമന്‍ കാലഘട്ടത്തിലും പേര്‍ഷ്യന്‍ ഭരണനാളുകളിലും കുരിശുയുദ്ധക്കാലത്തും ജനസംഖ്യയില്‍ ഇവിടെ ഗണ്യമായ കുറവുവന്നു. 1748 ല്‍ നെപ്പോളിയന് ഇവിടെ എത്തുമ്പോള്‍ നാലായിരത്തോളമാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
പുരാതനകാലം മുതലേ അലക്സാന്‍ഡ്രിയ സാംസ്കാരികമായി കൂടുതല്‍ അടുത്തുനില്ക്കുന്നത് മദ്ധ്യധരണ്യാഴിയോടു േചര്‍ന്നു കിടക്കുന്ന വടക്കന്‍ രാജ്യങ്ങളുമായിട്ടാണ്. കൂടാതെ ഗ്രീസും ഇറ്റലിയും ഫ്രാന്സുമൊക്കെയാണിവരുടെ റോള്‍മോഡലുകള്‍. ഈ രാജ്യങ്ങളുടെയെല്ലാം സംസ്കാരത്തിന്റെ ഇളക്കങ്ങള്‍, തുടിപ്പുകള്‍, അലക്സാന്‍ഡ്രിയക്കാരുടെ ശരീരവടിവുകളില്‍, ചലനങ്ങളില്‍, വീടുകളില്‍, നടവഴിയിലും ഇടവഴിയിലും പ്രതിഫലിക്കുന്നില്ലേയെന്നു തോന്നിപ്പോകും.
ഇവിടുത്തെ പ്രധാന കാഴ്ചയിടങ്ങൡലൊന്നാണ് കോമ്പ് അല്‍-ഡിക്ക എന്ന പ്രദേശം. ഇടിഞ്ഞുപൊളിഞ്ഞു തകര്‍ന്നുകിടക്കുന്ന റോമന്‍ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍. ശവപേടകങ്ങള്‍, പ്രതിമകള്‍, സ്തൂപങ്ങളെല്ലാമുണ്ടിവിടെ. പോംപീസ് പില്ലര്‍ ആകാശത്തേക്ക് ഉയര്ന്നുനില്ക്കുന്നു. ഇരുപത്തിയഞ്ചു മീറ്റര്‍ ഉയരമുണ്ടിതിന്. സത്യത്തില്‍ ഈ സ്തൂപവും പോംപിയുമായി ബന്ധമൊന്നുമില്ല. റോമന്‍ റിപ്പബ്ലിക്കിലെ ശാന്തനായൊരു പടയാളിയായിരുന്നു പോംപി. ജൂലിയസ് സീസറിന്റെ സന്തത സഹചാരിയും പിന്നീട് ബദ്ധശത്രുവുമായി മാറി ഇദ്ദേഹം. ചുവടുകള്‍ എവിടെയൊക്കെയോ പിഴയ്ക്കുന്നു എന്ന തിരിച്ചറിവില്‍, അസ്തിത്വം ഉറപ്പിക്കുന്നതിനുവേണ്ടി, സമവായത്തിന്റെ മേലങ്കിയിട്ട് അലക്സാന്‍ഡ്രിയ തീരത്തു കപ്പലിറങ്ങിയ പോംപിയെ ചതിച്ചു കൊല്ലുകയായിരുന്നു (ബി.സി 48 ല്‍) എന്നത് ചരിത്രം രേഖപ്പെടുത്തിയ മറ്റൊരു കുതന്ത്രത്തിന്റെകൂടി കഥയാണ്. റോമന്‍ ചക്രവര്‍ത്തിയായ ഡയോസലറ്റയില്, തന്റെ വിജയത്തിന്റെ സ്മരണാര്‍ത്ഥം എ.ഡി 293 ല്‍ ഉയര്‍ത്തിയതാണ് ഈ പില്ലര്‍. പിന്നീട് ഇവിടെ വന്ന കുരിശുയുദ്ധക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ട് ഈ സ്തൂപം പോംപിയുടെ പേരില്‍ ഉയര്‍ത്തിക്കൊടുത്തു.
ചരിത്രസ്മൃതികളുണര്ത്തുന്ന റോമന്‍ ആംഫി തിയറ്ററിന്റെ രൂപ ശില്പഭംഗി അതുല്യമാണ്. കുതിരക്കുളമ്പിന്റെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടാം നൂറ്റാണ്ടിലാണ് ഇതു പണിതതെന്നു കരുതുന്നു. ചാരനിറത്തിലുള്ള ശിലകളും വെണ്ശിലകളും കൊണ്ട് നിര്‍മ്മിച്ച അര്‍ദ്ധവൃത്താകൃതിയിലുള്ള പതിമൂന്നു പടികള്‍, ഒന്നിനു പിറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ പണിതിരിക്കുന്നു. ഉദ്ദേശം എണ്ണൂറ് പ്രേക്ഷകര്‍ക്കിവിടെ ഇരിക്കാം. സീറ്റ് നമ്പര്‍ ഇട്ടിരിക്കുന്നത് ഇപ്പോഴും വ്യക്തമായി കാണാം. ഇതിന്റെ വടക്കുഭാഗത്ത് റോമന്‍ കാലഘട്ടത്തിലെ കുളിമുറിയുടെ ബാക്കിപത്രങ്ങള്‍, അതിനും അല്പം മാറി ‘നൈലോമീറ്റര്‍’- നൈല്‍ ജലമാപിനി. ഒരിക്കല്‍ ഇതുവഴി നൈല്‍ നദിയുടെ കൈവഴികളിലൊന്ന് (ഏഴാമത്തെ കൈവഴി) ഒഴുകിയിരുന്നുവെന്നു പറഞ്ഞാല്‍, അവിശ്വസനീയമായി തോന്നാം. പക്ഷേ, അതായിരുന്നു സത്യം.
കാറ്റാകോമ്പാണ് മറ്റൊരു കാഴ്ചയിടം. അറബിഭാഷയില്‍ കോമ്പ് അല്‍-ഷുക്കാഫ എന്നറിയപ്പെടുന്നു, ഈ സ്ഥലം. നാലാം നൂറ്റാണ്ടുവരെ ഉപയോഗത്തിലിരുന്ന സെമിത്തേരിയാണിത്. ചുരുക്കിപ്പറഞ്ഞാല്‍, ഭൂമിക്കടിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ശ്മശാനം. പൗരാണിക കാലത്തെ ശവക്കോട്ടയും ശവക്കുഴിയുമെന്ന് ആലങ്കാരികതയില്ലാതെ പറയാം. സത്യത്തില്‍ ഇതൊരു വെറും കുഴിയല്ല, കിണര്‍ ആണ്. വെള്ളമില്ലെന്നു മാത്രം. എന്നാല്‍ ഏറ്റവും അടിയില്‍ നേരിയ ഉറവയുണ്ടുതാനും.
മൃതശരീരം ഇതിനുള്ളില്‍ എത്തിക്കുന്നത് ശ്രമകരമല്ലേ എന്നു തോന്നിപ്പോയ നിമിഷങ്ങള്‍. കിണറിനുള്ളിലൂടെ തൊണ്ണൂറ്റിയൊന്‍പത് പടികള്‍ ചുറ്റിത്തിരിഞ്ഞ് താഴേക്കു പോകുന്നു. കിണര്‍ ഭിത്തിയുടെ ഉള്‍വശങ്ങള്‍ തുരന്ന് അറകളുണ്ടാക്കി അവിടെയും മമ്മികള്‍ സൂക്ഷിച്ചിരിക്കുന്നതായി കാണാം. ചില അറകളില്‍ ശവപേടകങ്ങള്‍ ഇപ്പോഴുമുണ്ട്. ഭിത്തികളിലെ ഇനിയും നിറം മങ്ങാത്ത ചിത്രങ്ങളില്‍ റോമന്‍ അധിനിവേശ കാലത്തിന്റെ മുദ്രകള്‍. ആള്‍രൂപങ്ങളില്‍ റോമന്‍ വസ്ത്രധാരണത്തിന്റെ രീതികള്‍ പ്രകടമായി കാണാം. എ.ഡി 1900 ല്‍ ആണ് ഈ ശ്മശാനക്കിണര് കണ്ടെത്തിയത്.
ഉച്ചയ്ക്കുശേഷമാണ് അലക്സാന്‍ഡ്രിയയിലെ ലോകപ്രശസ്തമായ ഗ്രന്ഥശാല കാണാന്‍ പോയത്. ഈ ഗ്രന്ഥശാല മദ്ധ്യധരണ്യാഴിക്ക് അഭിമുഖമായി നില്ക്കുന്നു. വശങ്ങളില് കടല്‍ക്കാറ്റേറ്റു നില്ക്കുന്ന ഈന്തപ്പനകള്‍. കടല്‍ക്കാറ്റിനോട് കഥപറഞ്ഞും കവിത പാടിയും നില്ക്കുന്ന ലൈബ്രറി-ബിബ്ലിയോത്തിക്ക അലക്സാന്‍ഡ്രിയ. ഗ്രന്ഥശാലക്കു മുന്നില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്ന തടാകത്തില്‍ വെള്ളം തുളുമ്പിനില്ക്കുന്നു. ഗ്രന്ഥശാല കണ്ട് വെളിയിലിറങ്ങിയപ്പോള്‍ തെളിഞ്ഞുനില്ക്കുന്ന ആകാശം. വെയിലുണ്ടെങ്കിലും ചൂട് അനുഭവപ്പെടുന്നില്ല. മദ്ധ്യധരണ്യാഴിയുടെ ഉള്ളില്‍നിന്ന് തഴുകിയൊഴുകിവന്ന കാറ്റില്‍ തണുപ്പ് കനംവച്ചുനിന്നു.
മാസിഡോണിയക്കാരനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ബി.സി 332 ല്‍ ഈജിപ്ത് പിടിച്ചടക്കി. ഇന്നത്തെ അലക്സാന്‍ഡ്രിയ നഗരം ആസ്ഥാനമാക്കി രാജ്യം ഭരിച്ചു. ആധുനികതയുടെയും സമ്പന്നതയുടെയും സുവര്‍ണ്ണകാലമായിരുന്നു, അത്. തുടര്‍ന്ന് ആയിരം വര്‍ഷത്തോളം അലക്സാന്‍ഡ്രിയ, ഈജിപ്തിന്റെ തലസ്ഥാനമായിത്തീര്‍ന്നത് പില്ക്കാല കഥ. അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കുശേഷം ടോളമി, ഗറാമന്, പേര്‍ഷ്യന്‍ ഭരണങ്ങളിലൂടെ അലക്സാന്‍ഡ്രിയ കടന്നുപോയി. മാറിമറിഞ്ഞു വന്ന രാജവംശങ്ങള്‍. പടുത്തുയര്ത്തലുകള്. തച്ചുടയ്ക്കലുകള്. അലക്സാണ്ടര്‍ ചക്രവര്‍ത്തി വിഭാവനം ചെയ്തതും ഡ്രമട്രിയസ് വിപുലപ്പെടുത്തിയതും ടോളമി ഒന്നാമന് പൂര്‍ത്തിയാക്കിയതുമായ ഗ്രന്ഥാലയം കാലത്തിന്റെ ഗതിക്രമങ്ങളിലെവിടെയോ നഷ്ടമായി. ആരുടെയൊക്കെയോ പകപോക്കലിന് ഈ ഗ്രന്ഥാലയം വിധേയമായി. അതിനു പ്രധാനി സീസര്‍ (ബി.സി 100-44) തന്നെയെന്നു ചരിത്രകാരന്മാര് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: