പുല്‍പ്പള്ളി: പൂര്‍വ്വകാലത്ത് ഭാരതത്തിലുണ്ടായിരുന്ന സുകൃതങ്ങളെ തിരിച്ചറിഞ്ഞും തിരിച്ചുപിടിച്ചുമാണ് ഭാവി ഭാരതം രൂപപ്പെടുത്തേണ്ടതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ അഖണ്ഡഭാരത സ്മൃതിദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നിരാശ നിറഞ്ഞ ഇടക്കാലത്ത് നിന്ന് പ്രതീക്ഷാനിര്‍ഭരമായ വര്‍ത്തമാനകാലത്ത് ഭാരതം എത്തിയിരിക്കുന്നു. ജഗത്തിന് മുഴുവന്‍ ദിശാബോധം നല്കുന്ന ഭാവിഭാരതം പുനര്‍നിര്‍മ്മിക്കാന്‍ യുവാക്കള്‍ സര്‍വ്വരംഗത്തും തയ്യാറാകണം. അഖണ്ഡഭാരതം നിലനിന്ന കാലത്ത് രൂപപ്പെട്ട സാഹിത്യം, കല, തത്വചിന്ത, ശാസ്ത്രം തുടങ്ങിയവ നമുക്ക് പ്രേരണയും പ്രചോദനവുമാകണമെന്നും ആദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അജി തോമസ്, രമ്യ, കാശിനാഥന്, യദുകൃഷ്ണന്, ദിവ്യ, ആര്യ, അഞ്ജലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധന്, ഭാരത മാതാ പൂജ, പ്രണവ യോഗാകേന്ദ്രം ആചാര്യന് പ്രവീണിന്റെ നേതൃത്വത്തില്‍ യോഗ, വിവിധ കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു.
വനവാസി വികാസകേന്ദ്രം ജില്ലാ കാര്യദര്‍ശി അഡ്വ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ കെ. ജി.സുരേഷ്ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ പ്രചാര്‍പ്രമുഖ് വി. കെ.സന്തോഷ് കുമാര്‍, കാര്യവാഹ് എം.രജീഷ് എന്നിവര്‍ പ്രസംഗിച്ചു. ടി.സുബറാവു, ടി.ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: