കല്‍പ്പറ്റ: രാജ്യത്തിന്റെ 71 ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ രാവിലെ 8.35 ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങില്‍ സംസ്ഥാന തുറുമുഖ പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. 8.40 ന് പരേഡ് കമാന്‍ഡര്‍ മന്ത്രിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. 8.45 ന് പരേഡ് തുടങ്ങും. 9.05 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് സ്വാതന്ത്ര്യ സമരസേനാനികളെ ചടങ്ങില്‍ ആദരിക്കും. പിന്നീട് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണം ചെയ്യും. 9.30 മുതല്‍ 9.45 വരെ ദേശഭക്തിഗാനാലാപനം നടക്കും. തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടക്കും. 10 ന് ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
സ്വാതന്ത്ര്യദിന പരേഡില്‍ പോലീസിന്റെ 33 പ്ലാറ്റൂണുകളും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ ഒമ്പത് യൂണിറ്റുകളും അണിനിരക്കും. എന്‍.സി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയവരും അണിനിരക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിമുക്തമായിരിക്കും. ത്രിവര്‍ണ്ണ പ്ലാസ്റ്റിക് പതാകകള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. ഇതു കൂടാതെ ആഘോഷവുമായി ബന്ധപ്പെട്ട് പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കും. ജില്ലയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനപരേഡ് വീക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: