അമ്പലവയല്‍: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചക്ക മഹോത്സവം തിങ്കളാഴ്ച സമാപിക്കും. വിദേശ പങ്കാളിത്തം കൂടി സജീവമായ ആറ് ദിവസത്തെ ചക്ക മഹോത്സവത്തിലൂടെ അമ്പലവയലും വയനാടും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
രണ്ടാം ലോകയുദ്ധാനന്തരം 1945ല്‍ മദ്രാസ് ഗവണ്മെന്റാണ് അമ്പലവയല്‍ കേന്ദ്രമാക്കി ഒരു ഫാം സ്ഥാപിക്കുന്നത്. 1966 ഓടു കൂടി കാര്‍ഷിക വകുപ്പിന്റെ കീഴില്‍ കേന്ദ്ര തോട്ടവിള ഗവേഷ കേന്ദ്രമായി രൂപാന്തരപ്പെടുകയും കേരളം, തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, അന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ക്യഷിയെ കുറിച്ചുള്ള സാങ്കേതിക, വാണിജ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കിപ്പോന്ന ഈ കേന്ദ്രം 1972 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല രൂപീകൃതമായതോടു കൂടി അതിനു കീഴില്‍ പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രമായി ഇന്നത്തെ നിലയിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള 87 ഹെക്ടര്‍ സ്ഥലത്ത് കുരുമുളക്, കാപ്പി, നെല്ല്, മാങ്ങ, മാങ്കോസ്റ്റിന്‍, സപ്പോട്ട മുതലായ നാണ്യവിളകളും ഫലവൃക്ഷങ്ങളും, 600 ഓളം ഇനങ്ങളില്‍പ്പെട്ട അലങ്കാര ചെടികളും, പച്ചക്കറികളും കൃഷി ചെയ്തുവരുന്നു .ക്ഷീര കര്‍ഷകര്‍ക്കായി ഒരു കാലിത്തീറ്റ പ്രദര്‍ശനാലയവും നിലനിര്‍ത്തിപ്പോരുന്നു. 11 ഓളം കുളങ്ങളില്‍ മഴവെള്ളം സംഭരിച്ച് വേനലില്‍ ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം, ഫലഭൂയിഷ്ഠത മുതലായവയുമായി ബന്ധപ്പെട്ട കൃഷിരീതികളെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസര്‍ച്ച് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ചര്‍ മിഷന്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും കേരളാ ഗവണ്മെന്റില് നിന്നും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. 55 ഇനം കുരുമുളക് 27 ഇനം ഇഞ്ചി, 40 ല്‍ പരം നെല്ലിനങ്ങള്‍ എന്നിവയുടെ ജനിതക വര്‍ഗങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു.
വിവിധ പദ്ധതികളിലൂടെ ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 7000 ത്തോളം കര്‍ഷകര്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസര്‍ച്ച് സാമ്പത്തിക സഹായം നല്കുന്നു. മണ്ണിന്റെ സ്വഭാവം നിര്‍ണയിച്ച് ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍, വിളകള്‍ക്ക് ബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനുള്ള ഒരു നെറ്റ് വര്‍ക്ക് പ്രോജക്ട് എന്നിവയോടൊപ്പം ഹൈറേഞ്ച് മേഖലയിലെ കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനവും ആരംഭിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എല്ലാം തന്നെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാമുകളും മറ്റു സംവിധാനങ്ങളും സന്ദര്‍ശിക്കുവാനായി ഇവിടെ എത്താറുണ്ട് . രോഗനിര്‍ണ്ണയവും അതിന്റെ പരിഹാരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉപദേശങ്ങള്‍ നല്കുവാന് ആര്‍എആര്‍എസ് ഒരു സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. 2015ല്‍ രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട ചക്ക മഹോത്സവത്തില്‍ ചക്കയുടെ പ്രാധാന്യം, മൂല്യവര്‍ദ്ധനവ്, പോഷക ഗുണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 2010 ല്‍ തുടക്കം കുറിച്ച ‘ഭക്ഷ്യ സംസ്കരണ യൂണിറ്റില്‍ ഫാമില്‍ തന്നെ ഉത്പാതിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ സംസ്കരിച്ച് വിവിധങ്ങളായ മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തി വരുന്നു. 15 ഓളം സ്ത്രീ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വയനാട് പുഷ്പോല്ത്സവത്തിന്റെ ഭാഗമായി ‘പൂപ്പൊലി’ എന്ന പേരില്‍ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് 10 ഏക്കറോളം വരുന്ന സ്ഥലത്ത് പൂച്ചെടികളുടെയും ഫല വൃക്ഷങ്ങളുടെയും പ്രദര്‍ശനം എല്ലാ വര്‍ഷവും നടത്തപ്പെടുന്നു. 5000ത്തോളം ഇനങ്ങള്‍ അടങ്ങിയ 3 ഏക്കര്‍ ഡാലിയ, 2 ഏക്കര്‍ ഗ്ലാഡിയസ്, റോസ് പൂന്തോട്ടങ്ങളെല്ലാം കേന്ദ്രത്തിന്റെ ഭാഗമായുണ്ട് .നെല്ലും മല്‍സ്യവും ഉള്‍പ്പെടുത്തിയുള്ള സംയോജിത കൃഷിരീതികളും നടത്തി വരുന്നു കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മികച്ച ഗവേഷണ കേന്ദ്രമായി 2013-14, 2014-15 വര്‍ഷങ്ങളില്‍ കാര്‍ഷിക ഗവേഷണകേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആധുനിക ലാബ് സൗകര്യങ്ങളോട് കൂടിയ ഒരു ഹോര്‍ട്ടികള്‍ചര്‍ കോളേജ് സ്ഥാപിക്കുവാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: