കൊച്ചി: പിഎസ്സി നടത്തിയ ലൈബ്രേറിയന്‍ ഗ്രേഡ് 4 പുന: പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ ജൂണ്‍ ഒമ്പതിന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് ആരോപണമുയര്‍ന്നത്.
2016 ഡിസംബര്‍ ഒന്നിന് നടത്തിയ (കാറ്റഗറി നമ്പര്‍ 507/ 2015) ലൈബ്രേറിയന്‍ ഗ്രേഡ് 4 പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. യോഗ്യതയില്ലാത്ത ഗസ്റ്റ് അധ്യാപകന് ചോദ്യകര്ത്താവാകുകയും അയാള്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്തെന്ന കാരണത്താലായിരുന്നു പരീക്ഷ റദ്ദാക്കിയത്.
എന്നാല്‍ വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ കൂടുതല്‍ ക്രമക്കേട് നടന്നതായി പരീക്ഷ എഴുതിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുന:പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു സ്വകാര്യ ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരീക്ഷ എഴുതിയവര്‍ പറഞ്ഞു. ഗൈഡിലെ തെറ്റുകള്‍ തിരുത്താതെ അതേപടി ആവര്‍ത്തിക്കുകയായിരുന്നെന്നും പരീക്ഷയെഴുതിയവര്‍ പറഞ്ഞു.
ഗൈഡില്‍ നി്ന്നോ റഫറന്‍സ് ബുക്കില്‍ നിന്നോ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തരുതെന്ന് പിഎസ്സി ചോദ്യകര്‍ത്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചോദ്യപേപ്പര്‍ തയാറാക്കിയത്. ലൈബ്രറി സയന്‍സ് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് തസ്തികയുടെ അടിസ്ഥാന യോഗ്യത.
എന്നാല്‍ ഭൂരിഭാഗം ചോദ്യങ്ങളും പി ജി നിലവാരത്തിലുള്ള യുജിസി നെറ്റ് പരീക്ഷ ചോദ്യ മാതൃകയിലാണ് വന്നിരുന്നത്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പിഎസ്സി ഈ തസ്തികയിലേക്ക് നിയമന ഉത്തരവ് പുറപ്പെടുവിച്ച് പരീക്ഷ നടത്തിയത്.
കഴിഞ്ഞ പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയാല്‍ സമരപരിപാടി സംഘടിപ്പിക്കുമെന്നും പരീക്ഷ എഴുതിയവര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്ന് പരീക്ഷ എഴുതിയ പ്രശാന്ത്, ബിനു ബാബു, സജോ കെ ജോണ്‍, സുധീഷ് കുമാര്‍ എം കെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: