ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയിലെ ബീനാച്ചി-മന്ദംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലയില്‍ നിന്ന് റോഡിന്റെ ഇരുവശത്തും 100 മീറ്റര്‍ ദൂരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞ് ജില്ലാ കളക്ടര്‍ ഉത്തരവായി. മദ്യശാലയിലേക്ക് പനമരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ വില്പനശാലയില് നിന്ന് റോഡിന്റെ പനമരം ഭാഗത്തേക്ക് പോകുന്ന ദിശയില്‍ ഒരുഭാഗത്ത് മാത്രംപാര്ക്ക് ചെയ്യണം. ബത്തേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ വില്പനശാലയില് നിന്ന് ബീനാച്ചി ഭാഗത്തേക്ക് പോവുന്ന ദിശയില്‍ ഒരുഭാഗത്ത് മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടാതെ തദ്ദേശവാസികള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ തടസ്സങ്ങള്‍ സൃഷ്ടിക്കാതെ പാര്‍ക്ക് ചെയ്യണം. അല്ലാത്തപക്ഷം തടസ്സമുണ്ടാക്കുന്ന വാഹന ഉടമസ്ഥരില്‍നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കും. പാര്‍ക്കിംഗ് നിയന്ത്രിച്ചുകൊണ്ടുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ബത്തേരി മിനിസിപ്പാലിറ്റി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് വരുന്ന വാഹനങ്ങള്‍ ബീനാച്ചി-പനമരം റോഡില്‍ ഇരുവശത്തും അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യുന്നതു മൂലം തദ്ദേശവാസികള്‍ക്കും അതുവഴിയുള്ള പൊതുഗതാഗതത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: