പുല്‍പ്പള്ളി: കാര്‍ഷികമേഖലയെ വിടാതെ പിന്തുടരുന്ന പ്രതിസന്ധി മറികടക്കാന്‍ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ നിരവധി കര്‍ഷകര്‍ ക്ഷീരമേഖലയിലേക്ക് തിരിയുന്നു. കാര്‍ഷികമേഖലയിലെ വിളനാശവും വിലത്തകര്‍ച്ചയും പ്രതിരോധിക്കാനാവാതെ നട്ടം തിരിയുകയാണ് ജില്ലയിലെ കര്‍ഷകര്‍. പ്രകൃതിക്ഷോഭം മൂലം വ്യാപകമായി കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാനോ കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. കാര്‍ഷികവൃത്തിയില്‍ ജീവിതമാര്‍ഗം കണ്ടിരുന്ന നിരവധി കര്‍ഷകരാണ് ഇന്ന് ക്ഷീരമേഖലയെ ആശ്രയിക്കുന്നത്.
ജില്ലയില്‍ ഏറ്റവുമധികം വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി പ്രദേശത്താണ് വിലത്തകര്‍ച്ചയും വിളനാശവും മൂലം കര്‍ഷകര്‍ നട്ടം തിരിയുന്നത്. വിളകള്‍ മാറ്റിനട്ട് പരീക്ഷിച്ചിട്ടും കാലാവസ്ഥാവ്യതിയാനം മൂലം ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ക്ഷീരമേഖലയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നത്. മുള്ളന്‍കൊല്ലി ക്ഷീരോത്പാദക സഹകരണത്തിന് കീഴില്‍ ഏറ്റവുമധികം പാല് അളക്കുന്ന പാടിച്ചിറ കണ്ടംതുരുത്തി ജോസാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. എച്ച് എഫ്, ജഴ്സി, നാടന്‍ പശുക്കള്‍ ഉള്‍പ്പെടുന്ന ജോസിന്റെ പശുഫാം കാര്‍ഷികവൃത്തിയില്‍ നിന്നുള്ള തിരിച്ചുപോക്കായിരുന്നില്ല. മറിച്ച് സ്ഥിരതയില്ലാത്ത വിളകളുടെ വില മൂലം മനംമടുത്താണ് ജോസ് തന്റെ പശുഫാം വിപുലീകരിക്കുന്നത്.
ഇന്ന് എട്ടോളം പശുക്കള്‍ ജോസിന്റെ ഫാമിലുണ്ട്. ദിവസം 50 ലിറ്ററോളം പാല് അളക്കുന്നുണ്ട്. അതേസമയം, പുല്ലുക്ഷാമം ക്ഷീരമേഖലെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍ സ്വന്തം കൃഷിയിടത്തില്‍ ജൈവരീതിയില്‍ പുല്ലുല്പാദിപ്പിച്ചാണ് ജോസ് ഇതിന് പരിഹാരം കാണുന്നത്. 12 മാസവും പുല്ല് ലഭിക്കുന്ന രീതിയിലാണ് കൃഷി നടത്തിവരുന്നത്. കര്‍ണാടകത്തില്‍ നിന്ന് ചോളവും മറ്റും നേരിട്ടെത്തിച്ചും പശുക്കള്‍ക്ക് നല്കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പാല് അളന്നതിനുള്ള ഉപഹാരം കൂടി ജോസിനെ തേടിയെത്തിയതോടെ പശുവളര്‍ത്തല്‍ ജീവിതോപാദിയായി തന്നെ മാറ്റിയെടുക്കാന്‍ ജോസിന് കഴിഞ്ഞു. പുല്‍പ്പള്ളി മേഖലയില്‍ പല യുവകര്‍ഷകരും ഹൈടെക് രീതിയിലാണ് അവലംബിക്കുന്നതെങ്കില്‍, ജോസിന്റെ ഫാമില്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് പിന്തുടരുന്നത്. പുല്ലുവെട്ട് മുതല്‍ കറവ വരെയുള്ള ജോലികള്‍ വരെ ജോസും ഭാര്യ ആന്‍സിയും ചേര്‍ന്നാണ് ചെയ്യുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലും നിരവധി കര്‍ഷകര്‍ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന ചീയമ്പം സ്വദേശി എല്‍ദോസിന്റെ ഹൈടെക് പശുഫാം നേരത്തെ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: