പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം സൂക്ഷിക്കുന്ന ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഇന്നലെ പെയ്ത മഴയില്‍ കെട്ടിടം ചോര്‍ന്നൊലിച്ചതോടെ മരുന്നു പായ്ക്കറ്റുകള്‍ നനഞ്ഞുകുതിര്‍ന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ നഷ്ടം ഒഴിവാക്കിയത്. നനഞ്ഞ പായ്ക്കറ്റുകള്‍ തൊട്ടടുത്തുള്ള പാലിയേറ്റീവ് റൂമിലേക്കു മാറ്റി മരുന്നുകള്‍ പുറത്തെടുത്തു സൂക്ഷിക്കുകയായിരുന്നു. എങ്കിലും ഇന്നലെ ഒരു മണിക്കൂറോളം മരുന്നു വിതരണം തടസപ്പെടാനും ഇടയായി.
കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ജോലിചെയ്യുന്നത് ഭീതിയോടെ ആണെന്ന് ജീവനക്കാരും പറയുന്നു. മേല്‍ക്കൂരയിലെ ഇളകിയ ഓടുകള്‍ക്കിടയിലൂടെയും ഭിത്തി പൊട്ടിയ ഭാഗത്തുകൂടിയുമാണ് മഴവെളളം അകത്തേക്ക് ശക്തിയായി വീഴുന്നത്. ജീവനക്കാര്‍ കുട നിവര്‍ത്തിയും ബക്കറ്റ് വച്ചും മരുന്നു പായ്ക്കറ്റുകളിലേക്ക് വെളളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായപ്പോള്‍ ഇതെല്ലാം വിഫലമായി.
ഫാര്‍മസി കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ അടിയിലെ തട്ടില്‍ കെട്ടി നിന്ന മഴവെളളം വിടവുകള്‍ക്കിടയിലൂടെ മുറിയിലേക്ക് വീഴുകയാണ്. കാല്‍പ്പാദം മുങ്ങുന്ന നിലയിലാണ് മുറിയില്‍ വെളളം കെട്ടി നില്‍ക്കുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന ഹുക്കുകള്‍ വഴിയും വെളളം വാര്‍ന്നു വീഴുന്നുണ്ട്. സ്വിച്ച് ബോര്‍ഡുകളിലേക്ക് വെളളം ഇറങ്ങിയതിനാല്‍ ഫാര്‍മസിയിലെ ലൈറ്റുകളും മരുന്നു സൂക്ഷിക്കുന്ന ഫ്രിഡ്ജും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി.
പാലിയേറ്റീവ് റൂമില്‍ ഷെല്‍ഫുകളില്ലാത്തതിനാല്‍ മരുന്നു പാക്കറ്റുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാല്‍ രോഗികള്‍ കൊണ്ടുവരുന്ന കുറിപ്പടി നോക്കി മരുന്നു തിരഞ്ഞെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു.
ഇത്തവണ മഴ തുടങ്ങിയപ്പോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ ഒരു ഭാഗത്ത് ടാര്പ്പോളിന് വലിച്ചു കെട്ടിയിരുന്നു. ഇതുകൊണ്ടും ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല.
ഫാര്‍മസി കെട്ടിടം താല്‍ക്കാലികമായി സംരക്ഷിക്കുന്നതിന് മേല്‍ക്കൂരയ്ക്കു മുകളില്‍ റൂഫ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ കാലവര്‍ഷത്തിനു മന്‍പേ നഗരസഭയ്ക്ക് പലതവണ കത്തു നല്‍കിയിരുന്നു. എസ്റ്റിമേറ്റിനെച്ചൊല്ലിയുളള തര്‍ക്കം കാരണം പണി തുടങ്ങാനായിട്ടില്ല. 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് മുനിസിപ്പല്‍ എന്‍ജിനീയര്‍ നല്‍കിയത്. എന്നാല്‍ ഇതിലും കുറഞ്ഞതുകക്ക് പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പങ്കെടുത്ത ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച യാതൊരു നടപടികളും ഉണ്ടായില്ല. കെട്ടിടം ചോര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: