കൊച്ചി: കേരളത്തില്‍ മദനിയുടെ സുരക്ഷ സര്‍ക്കാര്‍ ചെലവില്‍ നിര്‍വഹിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടിനെ സുപ്രീംകോടതി നിരസിച്ചത് സിപിഎമ്മിന്റെ അതിരു കടന്ന അമിതാവേശത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു.
തീവ്രവാദക്കേസുകളില്‍ പ്രതിയായ മദനിയോട് കാണിക്കുന്ന ഉദാരമനസ്കത നിരപരാധികളായ മറ്റു നിരവധി പേരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കാറില്ല. കൊല്ലപ്പെടുന്ന പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കേണ്ട നിയമപരമായ സഹായം കൊടുക്കുന്നതില്‍ പോലും ഗുരുതരമായ വീഴ്ച വരുത്തുന്ന സര്‍ക്കാരാണ് ലക്ഷങ്ങള്‍ മുടക്കി മദനിയുടെ സുരക്ഷ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കിയത്.
മദനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടരുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. മനുഷ്യാവകാശത്തിന്റെ പേരില്‍ ഭീകരവാദത്തെ ലളിതവത്ക്കരിക്കുന്ന സിപിഎം നിലപാട് ആശങ്കയുളവാക്കുന്നതാണെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: