കോങ്ങാട്: റിട്ട.ഐജി വി.എം.രാജന്റെ കോട്ടപ്പടിയിലുള്ള വീട്ടുവളപ്പില്‍ നിന്നും അഞ്ച് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ ഒരാളുകൂടെ അറസ്റ്റില്‍.
മണ്ണാര്‍ക്കാട്, കണ്ടമംഗലം, കൂമഞ്ചേരി വീട്ടില്‍ സൈഫുദ്ദീന് (25)നെയാണ് കോങ്ങാട് എസ്ഐ ഹരീഷും പാലക്കാട് ക്രൈം സ്ക്വാഡും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ജൂണ്‍ 21 ന് രാത്രിയാണ് ഐജിയുടെ വീട്ടില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.
ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വനമേഖലയില്‍ നിന്നും സ്ഥിരമായി ചന്ദന മരങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണിത്. ഒരു കിലോ ചന്ദനമരക്കഷ്ണത്തിന് 2500 രൂപ മുതല്‍ 3000 രൂപ വരെ ലഭിക്കാറുണ്ട്. മണ്ണാര്‍ക്കാട് മേഖലയിലുള്ള ഇടനിലക്കാരനാണ് ചന്ദനമരം വിറ്റു നല്‍കുന്നത്.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈഫുദ്ദീനെതിരെ ചാലക്കുടി ഫോറസ്റ്റ് സ്റ്റേഷന്, കണ്ടമംഗലം ഫോറസ്റ്റ് സ്റ്റേഷന്, മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി എട്ടോളം കേസുകള്‍ നിലവിലുണ്ട്.
കോങ്ങാട് എസ്ഐ ഹരീഷ്, എഎസ്ഐ ഉദയന്‍, ടൗണ്‍ നോര്‍ത്ത് ജൂനിയര്‍ എസ്ഐ പ്രദീപ് കുമാര്‍, എഎസ്ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.എ.അശോക് കുമാര്‍, കെ.അഹമ്മദ് കബീര്‍, ആര്.രജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: