മുണ്ടൂര്‍: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ പുതുപ്പരിയാരം, മുണ്ടൂര്‍ അതിര്‍ത്തിപ്രദേശങ്ങളായ കയ്യറ, നെച്ചിപ്പുള്ളി, പാലക്കീഴ് ഭാഗങ്ങളില്‍ വീട്ടുമുറ്റത്തും കൃഷിസ്ഥലത്തും കാട്ടാനകള്‍ പതിവായതോടെ ജനങ്ങള്‍ക്ക് ഭീതിയില്‍. രാപകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ വീട്ടുവളപ്പിലും കൃഷിസ്ഥലത്തും ചുറ്റിക്കറങ്ങുകയാണ്.
കാട്ടുപന്നി, മാന്‍, കുരങ്ങ് , മയില്‍ തുടങ്ങിയവയുടെ ആക്രമണങ്ങള്‍ പതിവായിരുന്നെങ്കിലും കാട്ടാനവിളയാട്ടം വല്ലപ്പോഴുമാണുണ്ടായിരുന്നത്. സ്വന്തം ജീവന്‍പോലും സുരക്ഷിതമല്ലാത്ത ഈയവസ്ഥയില്‍ കൃഷികള്‍ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെയിരിക്കുകയാണ് ജനങ്ങള്‍. കയ്യറയില്‍ കഴിഞ്ഞയാഴ്ച പകല്‍ വീടുകള്‍ക്ക് പിറകിലെത്തിയ കാട്ടാനകള്‍ വൈകീട്ട് ഏഴിന് റോഡിലിറങ്ങി പ്രദേശത്തെ പറമ്പിലെ ചക്ക കുലുക്കി വീഴ്ത്തുകയായിരുന്നു.
നാട്ടുകാര്‍ ബഹളം വച്ചതോടെ അവിടെ ചുറ്റിക്കറങ്ങിയ കാട്ടാനകള്‍ മുത്തനാര്‍ക്കാട് വഴി നീങ്ങുകയും തുടര്‍ന്ന് കയ്യറയിലെ രാജേഷ് മുത്തനാര്‍ക്കാട് സിദ്ധാര്ത്ഥന് എന്നിവരുടെ വീട്ടിലെ വാഴകള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നെല്വയലിലേക്കിറങ്ങിയ ആനകള്‍ പഞ്ചായത്തംഗം കൂടിയായ മുത്തനാര്‍ക്കാട് സുദേവന്, സഹദേവന് എന്നിവരുടെ കതിര്വന്നുതുടങ്ങിയ നെല്ലാണ് നശിപ്പിച്ചിരിക്കുന്നത്.
രാത്രി 12-ഓടെ വയലിലിറങ്ങുന്ന മൂന്ന് കാട്ടാനകളില്‍ രാവിലെ അഞ്ചരയോടെയാണ് മടങ്ങുന്നത്. രാത്രി വനം വകുപ്പുകാരും ജനങ്ങളും ഏറെ പരിശ്രമിച്ചെങ്കിലും ആനകളെ തുരത്താനാവുന്നില്ല. സഹദേവന്റെ രണ്ടരയേക്കര്‍ നെല്‍ക്കൃഷിയില്‍ മൂന്നാം തവണയാണ് കാട്ടാനകള്‍ പരാക്രമം കാട്ടുന്നത്. നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസം പകല്‍ മുല്ലക്കരകോളനിഭാഗത്ത് കാട്ടാനകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: