കല്‍പ്പറ്റ :വിദ്യാലയങ്ങളില്‍ നിന്നുള്ള പട്ടികജാതി-ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലുമുള്ള മോണിറ്ററിങ് കമ്മറ്റികള്‍ രൂപവത്കരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. പട്ടികജാതി-ആദിവാസി മേഖലകളില്‍ നിന്ന് വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പ്രചോദനമാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് യോഗത്തില്‍ ഒ.ആര്.കേളു എംഎല്‍എ ചൂണ്ടിക്കാട്ടി. പലതരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ ഇവര്‍ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്നും നിലവില്‍ ഇവരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കമ്മറ്റികള്‍ രൂപവത്കരിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താന്‍ മോണിട്ടറിങ് സമിതി അനിവാര്യമാണെന്നും സി. കെ.ശശീന്ദ്രന് എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന ജില്ലയിലെ 17 സ്കൂളുകളില്‍ ആദിവാസി ലീഡര്‍മാര്‍ ഉണ്ടാകുന്ന വിധം തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ മാറ്റം വരുത്തണമെന്ന് സി.കെ.ശശീന്ദ്രന് എം.എല്‍.എ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞുപോക്ക് തടയാനുള്ള മോണിട്ടറിങ് കമ്മറ്റി ഓഗസ്റ്റ് അവസാനത്തോടെ രൂപീകരിക്കാനും സെപ്റ്റംബര്‍ അവസാനത്തോടെ ജില്ലയെ പൂര്ണമായുംകൊഴിഞ്ഞുപോക്ക് രഹിത ജില്ലയാക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനും ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. വാര്‍ഡ് തല മോണിട്ടറിങ് സമിതിയില്‍ വാര്‍ഡ് മെമ്പര്‍, ട്രൈബല്‍ ഓഫീസര്‍, ഹെഡ്മാസ്റ്റര്, മെന്റര്‍ ടീച്ചര്മാര്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളാക്കണം. മാനന്തവാടി, എടവക, നല്ലൂര്‍നാട് സമഗ്രകുടിവെള്ള പദ്ധതി വൈദ്യുതി കണക്ഷന് ലഭ്യമാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ ജല അതോറിട്ടിക്ക് യോഗം നിര്ദ്ദേശംനല്കി. ഡി ടിപിസി എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും ഗവേണിങ് കൗ ണ്‍സില്‍ യോഗത്തിലേക്കും സബ്കളക്ടറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാകളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ സി.കെ.ശശീന്ദ്രന്, ഒ. ആര്.കേളു, എഡിഎം കെ. എം.രാജു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭന്ദ്രാ നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: