അഗളി: സമ്പൂര്‍ണ്ണ ഒഡിഎഫ് പദ്ധതി പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും അട്ടപ്പാടിയിലെ ഊരുകളുടെ അവസ്ഥ വ്യത്യസ്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവിട്ട് ഊരുകളില്‍ നിര്‍മ്മിച്ച പൊതുശൗചാലയങ്ങള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇവയുടെ നിര്‍മാണം.
ഷോളയൂര്‍ പഞ്ചായത്തിലെ വണ്ണാന്തറ, വട്ടലക്കി ഊരുകളില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ആരും ഉപയോഗിക്കാറില്ലെന്നതാണ് സത്യം. 2008-2009 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയിലുള്‍പ്പെടുത്തി വണ്ണാന്തറയില് മൂന്ന് ലക്ഷം രൂപ ചിലവിലും വട്ടലക്കിയില്‍ അഞ്ചുലക്ഷം രൂപാ ചിലവിലും ഗ്രാമപഞ്ചായത്താണ് ഇവ നിര്‍മ്മിച്ചുനല്‍കിയത്.
12 മുറികളുള്ള ഇവയിന്ന് കാടുപിടിച്ച് കിടക്കുന്നു. മിക്കവയുടെയും കതകും ജനലുകളും പ്ലംബ്ബിങ് ഉപകരണങ്ങളും തകര്‍ന്ന നിലയിലാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ആദിവാസികള്‍ പറയുന്നു.
ഇവയുടെ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗിക്കത്തക്ക നിലയിലാക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പൊതുശൗചാലയങ്ങളുടെ പരിചരണവും സംരക്ഷണവും അതാത് ഊരുക്കൂട്ടങ്ങള്ക്കാണെന്നാണ് പഞ്ചായത്തിന്റെ വാദം.
ഊരുകളില്‍ ഒഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മിക്ക കുടുംബങ്ങളും ഇവ ഉപയോഗിക്കാറില്ല.ജലദൗര്ലഭ്യതയാണുപ്രധാന പ്രശ്നമായി ഇവര്‍ പറയുന്നത്.
ശൗചാലയം ഉപയോഗിച്ച് ശീലമില്ലാത്തതും ഒരു കാരണമാണ്. ലക്ഷങ്ങള്‍ ചിവഴിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, വെളിയിടവിസര്ജ്ജനത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ആദിവാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: