പാലക്കാട് : ഗുണമേന്മയുള്ള പച്ചക്കറി എല്ലാ വീടുകളിലും എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘ഭക്ഷ്യ സുരക്ഷാ ഭവനം’ പദ്ധതി നടപ്പാക്കുന്നു.
ഹരിതകേരളം മിഷന്റെ ഭാഗമായി അയല്‍ക്കൂട്ട കുടുംബങ്ങള്‍ മുഖേനയാണ് പച്ചക്കറി വിതരണം ചെയ്യുക. ഇതിനായി അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കുള്ള പരിശീലനം ഉടന്‍ തുടങ്ങുമെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സെയ്തലവി അറിയിച്ചു. പരിശീലനത്തിന് ശേഷം അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.
പച്ചക്കറികള്‍ അതത് വീടുകളിലെ ആവശ്യത്തിന് ഉപയോഗിക്കുന്നത് കൂടാതെ പ്രാദേശികമായി വിപണനത്തിനും സൗകര്യമൊരുക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ 790 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് 835.14 ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. നെല്ല്, വാഴ പച്ചക്കറി, കിഴങ്ങ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
2017-18 ല്‍ 790 ജെ.എല്‍.ജി.കള്‍ കൂടി രൂപവ്തകരിച്ച് 1000 ഏക്കറില്‍ കൃഷി ചെയ്യും. ഒരു ബ്ലോക്കില്‍ 5000 ഫലവൃക്ഷതൈകള്‍ ഉത്പാദിക്കുന്ന മാതൃകാ നഴ്സറികള്‍ തുടങ്ങുന്നതിന് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തിക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി 3102 കിണറുകള്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിര്‍മിച്ചിട്ടുണ്ട്.
493 പഴയ കിണറുകള്‍ ഉപയോഗപ്രദമാക്കി. 372 കുളങ്ങള്‍ നിര്‍മിക്കുകയും 1016 പഴയ കുളങ്ങള്‍ ഉപയോഗപ്രദമാക്കുകയും ചെയ്തു. 400 ചിറകളും വൃത്തിയാക്കി. തോടുകള്‍, ജലസേചന കനാലുകള്‍ തുടങ്ങിയവയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.
13 ബ്ലോക്കുകളില്‍ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റുകളുടെ ചുമതല വഹിക്കുന്നതിനും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും ആക്റ്റിവിറ്റി ഗ്രൂപ്പുകളും ഉടന്‍ രൂപവത്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: