പാലക്കാട് : വിദ്യാര്‍ഥികളുടെ പഠനത്തിന് തടസ്സമാവാത്ത വിധം സമയബന്ധിതമായും കൃത്യമായും വില്ലേജ് ഓഫീസുകളില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് പിന്നാക്കസമുദായക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാസമിതി പറഞ്ഞു.
കളക്ടറേറ്റ് സമ്മേളഹാളില്‍ പിന്നാക്കസമുദായ ക്ഷേമ സമിതിയുടെ സിറ്റിങില്‍ ലഭിച്ച പരാതികള്‍ പരിഗണിക്കുകയായിരുന്നു എംഎല്.എ. ഒരു സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും വ്യത്യസ്ത പേരുകളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഒഇസി.സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായ പരാതികള്‍ സമിതി ഗൗരവത്തോടെ കാണുന്നതായി ചെയര്മാന് അറിയിച്ചു.
നായ്ക്കന്, ചെട്ടി, വിശ്വകര്മര്, പെരുങ്കൊല്ലന്‍ വിഭാഗങ്ങളുടെ സംഘടനകളാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. നിയമങ്ങള്‍ പൊതുജനങ്ങള്‍ക്ക് സഹായകമാവുന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ചെയര്മാന് പറഞ്ഞു.
ഇഷ്ടിക നിര്‍മാണത്തിലേര്‍പ്പെടുന്ന നായ്ക്കന് സമുദായാംഗങ്ങള്‍ക്ക് തൊഴിലിന് തടസ്സങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എന്നാല്‍ അനധികൃതമായി കൃഷി ഭൂമി തരംതിരിച്ച് ഇഷ്ടികചൂള നിര്‍മാണം അനുവദിക്കില്ലെന്നും നായ്ക്കന് സമുദായ സംരക്ഷണ സമിതി നല്കിയ നിവേദനത്തിന് മറുപടിയായി സമിതി അറിയിച്ചു.
കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കും
കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ചെയര്മാന് പറഞ്ഞു.
ഇതര സംസ്ഥാനത്ത് നിന്നുള്ള മാഫിയകള്‍ ജില്ലയില്‍ നിന്നും മണ്ണ് കടത്തുന്നത് തടയണമെന്നും ന്യായമായ വിലയ്ക്ക് തൊഴിലാളികള്‍ക്ക് മണ്ണ് ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കളിമണ്‍പാത്ര നിര്‍മാണ യൂനിയന്‍ പാലക്കാട് യൂനിറ്റാണ് സമിതിക്ക് നിവേദനം നല്‍കിയത്.
കൃഷിഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കരഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിന് അനുമതി തഹസില്‍ദാറുടെയും ജിയൊളജിസ്റ്റിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി വ്യക്തമാക്കി.
ഹിന്ദു ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിന്നാക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന് നല്കിയ അപേക്ഷയില്‍ ആവശ്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന നിയമനത്തില്‍ സംവരണത്തിന് ശുപാര്‍ശ
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമാനമായി എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനത്തില്‍ സംവരണം പാലിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സമിതി അറിയിച്ചു.
എയ്ഡഡ് മേഖലയിലുള്ളവര്‍ വന്‍തുക വാങ്ങി നിയമനം നടത്തുകയും അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി എസ്.എന്‍.കള്‍ച്ചറല്‍ മിഷന് നല്കിയ പരാതി പരിഗണിക്കുകയായിരുന്നു സമിതി. സമിതിക്ക് നേരത്തെ ലഭിച്ച എട്ട് പരാതികള്‍ പരിഹരിച്ചു. പുതുതായി 25 പരാതികള്‍ സ്വീകരിച്ചു.
കളക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്മാന് ചിറ്റയം ഗോപകുമാര്‍ എം.എല്‍എ, എംഎല്‍എമാരായ കെ.ഡി.പ്രസേനന്‍, പി.കെ.ശശി, കെ.ആന്‍സലന്‍, റ്റി.വി.ഇബ്രാഹിം, നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം.എസ്.വിജയന്, വിവിധ വകുപ്പുകളിലെ ഉേേദ്യാഗസ്ഥര്‍, വിവിധ സമുദായങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: