കല്‍പ്പറ്റ: നിറുത്തലാക്കിയ കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ജീവനക്കാരെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പുനര്‍നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചു. ജൂണ്‍ 30ന് ഓഫീസ് നിറുത്തലാക്കിയിട്ടും ഇവിടെയുള്ള ജീവനക്കാരെ പുനര്‍നിയമിക്കാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈ 20, 21 തീയതികളില്‍ കലക്ടറേറ്റിലെ എ വണ്‍ സെക്ഷന്‍ തിടുക്കത്തിലാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ അപാകതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം ജൂണ്‍ 30ന് ഓഫിസ് നിര്‍ത്തലാക്കി. ഈ ഓഫീസിലെ ജീവനക്കാര്‍ക്ക് ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിയമനം നല്‍കണമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നത്. 19 തസ്തികകളാണ് ഓഫീസിലുണ്ടായിരുന്നത്. പുനര്‍നിയമന ഉത്തരവ് ഇറങ്ങാന്‍ വൈകിയത് ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളത്തെ ബാധിക്കും. പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്ത് അവിടെ നിന്ന് റിപ്പോര്‍ട്ട് പഴയ ഓഫീസിലേക്ക് അയക്കണം. അവിടെ നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ വീണ്ടും പുതിയ ഓഫീസില്‍ എത്തണം. തുടര്‍ന്ന് ജീവനക്കാരുടെ ശമ്പള സംബന്ധമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയറില് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഇതിന് മൂന്നാഴ്ചയിലേറെ കാലതാമസം വരും. തന്മൂലം ജൂലൈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഓഗസ്റ്റ് അവസാനവാരമേ ലഭിക്കാന്‍ സാധ്യതയുള്ളു.
പുനര്‍നിയമന ഉത്തരവ് ഇറക്കാന്‍ കാലതാമസം വരുത്തിയതിനു പിന്നില്‍ രാഷ്ട്രീയ ചരടുവലികളാണെന്നാണ് സൂചന. സംഭവം വിവാദമായതോടെ പുനര്‍നിയമനം സംബന്ധിച്ച് ജൂലൈ 20, 21 തീയതികളിലായി രണ്ട് ഉത്തരവുകളാണ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: