വാളയാര്‍: ദേശീയപാത മരുതറോഡ് ജംക്ഷനില്‍ സ്വകാര്യ ബസിനു പിന്നില്‍ വാതക ടാങ്കര്‍ ഇടിച്ച് സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5ന് കുമിനെന്ന പെട്രോളിയം രാസവാതകവുമായി കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയിരുന്ന ടാങ്കറും പാലക്കാട്ടു നിന്ന് വാളയാറിലേക്കു പോയ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ കഞ്ചിക്കോട് സ്വദേശി സത്യന്(44), കണ്ടക്ടര്‍ രമേശ്(30), ടാങ്കര്‍ ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി ദില്‍ഷാദ്(22), ബസ് യാത്രികരായ കഞ്ചിക്കോട് പുതുശ്ശേരി സ്വദേശികളായ കുരുടിക്കാട് ഷാരോ(17), ചിത്ര(51), റോഷന്(17), ഗോപിക(18), രാഹുല്‍(18), അഭിഷേക്(17), സുജിത്ത്(20), സുനിത(35), പൊന്നമ്മ(51), അമൃത(17), ചുള്ളിമടയില്‍ സഹീദ(17), ജസീന്ത(22), ജസീഫ(13), കൊടുമ്പ് കല്ലിക്കല്‍ സ്വദേശി ഐശ്വര്യ(27), പട്ടഞ്ചേരി സ്വദേശി കുമാരന്(55), തത്തമംഗലം സ്വദേശി അമീര്‍അലി(55), വാളയാര്‍ സ്വദേശിനി ഷഫ്ന(20), കര്‍ണാടക കുടക് സ്വദേശിയും കഞ്ചിക്കോട്ടെ കമ്പനി ജീവനക്കാരനുമായ ലത്തീഫ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സര്‍വീസ് റോഡില്‍ നിന്നെത്തിയ ബസ് മരുതറോഡ് സ്റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതിനിടെ തൃശൂര്‍ ഭാഗത്തു നിന്ന് ദേശീയപാതയിലെത്തിയ വാതക ടാങ്കര്‍ ബസിനു പിന്നിലേക്ക് നീങ്ങി. ഡ്രൈവര്‍ ബ്രേക്കിട്ട ഉടന്‍ ടാങ്കറിന്റെ മുന്‍ ഭാഗത്തെ ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട് ബസിനു പിന്നിലേക്ക് ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ബസ് ദേശീയപാതയോരത്തെ ചെടികള്‍ക്കിടയിലൂടെ നീങ്ങി ഒഴിഞ്ഞ പറമ്പിലെ മതിലില്‍ ഇടിച്ചു നിര്‍ത്തി. ബസ് തലകീഴായി മറിയാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് കൂടുതല്‍ അപായം ഒഴിവാക്കിയത്. നാട്ടുകാരും കഞ്ചിക്കോട് അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ മുഴുവന്‍ പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കറിന്റെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മുന്‍വശം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ക്രെയിനെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടിവിലാണ് ടാങ്കര്‍ ദേശീയപാതയില്‍ നിന്ന് എടുത്തുമാറ്റിയത്. ടാങ്കര്‍ ഡ്രൈവര്‍ യുപി സ്വദേശി ദില്‍ഷാദിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: