തിരുവല്ല: പാണാകേരി പാടത്ത് വെള്ളം ഉയര്‍ന്നാല്‍പിന്നെ ഈ കുടുംബങ്ങളുടെ ജീവിതവും വെള്ളത്തിലാകും. പെരിങ്ങര പഞ്ചായത്ത് എട്ടാംവാര്‍ഡിലെ തട്ടാംപറമ്പില്‍ പടി പാണ്ടിശ്ശേരിപ്പടി റോഡിലെ വെള്ളക്കെട്ടാണ് അമ്പതോളം കുടുംബങ്ങളെ നിത്യദുരിതത്തിലാക്കുന്നത്.
മഴക്കാലമായാല്‍ പിന്നെ ഇവരുടെ വീടുകളിലേക്കുള്ള വഴിയിലും സമീപപ്രദേശങ്ങളിലും മാസങ്ങളോളം വെള്ളക്കെട്ടിലാകും. ഇതുകാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലൂടെ പോകാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. വെള്ളക്കെട്ടിലൂടെ വാഹനയാത്രയും സാധ്യമല്ല.
സ്കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. ബാഗും തൂക്കി കുട്ടികളെ തോളിലെടുത്താണ് രക്ഷകര്‍ത്താക്കള്‍ ഇവരെ നിത്യവും കൊണ്ടുപോകുന്നത്. പാണാകേരി പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുകൂടി വേണം ഈ കുടുംബങ്ങള്‍ക്ക് അഴിയിടത്തുചിറ മേപ്രാല്‍ റോഡില്‍ എത്തിച്ചേരാന്‍. നിത്യേനയുള്ള മറ്റു യാത്രകള്‍ക്കും ഈ ചെളിവെള്ളത്തിലൂടെ തന്നെ പോകണം. വാഹനങ്ങളൊന്നും വരാത്തതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആശുപത്രിയിലും മറ്റും പോകാനും ഈ കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ഒരു കിലോമീറ്റര്‍ തികച്ചില്ലാത്ത റോഡിന്റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട്. പാണാകരി പാടശേഖരത്തിലേക്കും പോകാവുന്ന നാലു മീറ്റര്‍ വീതിയുള്ള ബണ്ട് കം റോഡാണിത്. റോഡിന്റെ കുറച്ചുഭാഗത്ത് മാത്രമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസനം നടന്നിട്ടുള്ളത്. എന്നാലിപ്പോള്‍ ബാക്കിയുള്ള ഭാഗമാണ് കുഴിയായി കിടക്കുന്നത്. പാടശേഖരത്തിലെ കര്‍ഷകര്‍ക്കും ഉപകരിക്കുന്ന ഈറോഡിന്റെ വികസനത്തിനായി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: