മാനന്തവാടി: പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി.
പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം ഒരു മണി വരെ നീണ്ടു. പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവ ക്ഷേത്രം വഴി തിരിച്ചു വിട്ടു. പഞ്ചതീര്‍ത്ഥം വിശ്രമ മന്ദിരം മുതല്‍ പാപനാശിനിക്കു സമീപം പ്രവര്‍ത്തിച്ച ബലിസാധന വിതരണ കൗണ്ടര്‍ വരെ രണ്ടു വരികളിലായാണ് വിശ്വാസികളെ കടത്തി വിട്ടത്. മഴ അല്പം മാറി നിന്നത് ഏവര്‍ക്കും പിതൃതര്‍പ്പണം നടത്തി മടങ്ങുന്നതിന് കൂടുതല്‍ സൗകര്യമായി.പഞ്ചതീര്‍ത്ഥ വിശ്രമമന്ദിരം,ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മ്മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്റ്റേകളിലുമാണ് ക്ഷേത്രത്തിലെത്തിയവര്‍ താമസിച്ചത്.
പാപനാശിനിക്കരയില്‍ നടന്ന ബലിതര്‍പ്പണത്തിന് എ.സി. നാരായണന് നമ്പൂതിരി, ഗണേശന് നമ്പൂതിരി, കുറിച്യന്‍മൂല നാരായണന് നമ്പൂതിരി, ദാമോദരന്‍ പോറ്റി, ശംഭു പോറ്റി, ശ്രീധരന് പോറ്റി, കണ്ണന് പോറ്റി, ഉണ്ണി നമ്പൂതിരി, രാമചന്ദ്രന് നമ്പൂതിരി, രാമചന്ദ്ര ശര്‍മ, മേച്ചിലാട്ട് സുബ്രഹ്മണ്യന് നമ്പൂതിരി, എ.സി. രഞ്ജിത് നമ്പൂതിരി,ശ്രീകുമാര്‍. എന്‍ പോറ്റി തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മാനന്തവാടി: കര്‍ക്കിടക വാവുബലിക്ക് വളളിയൂര്‍കാവ് ഭഗവതിക്ഷേത്ര സന്നിധിയില്‍ ആയിരങ്ങളെത്തി.ഇതാദ്യമായാണ് വളളിയൂര്‍കാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണ കര്മ്മംനടക്കുന്നത്. സംഘാടകസമിതിയുടെയും ക്ഷേത്രം മാതൃസമിതിയുടെയും കൂട്ടായ്മയില്‍ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. കൂടാതെ പോലീസ്,ഫയര്‍ഫോഴ്സ്,ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സേവനങ്ങളും ലഭ്യമാക്കിയിരുന്നു.ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനുമെത്തിയ ഭക്തര്‍ക്ക് ദേവസ്വം വക ലഘുഭക്ഷണവുമൊരുക്കിയിരുന്നു. സംഘാടക സമിതി ചെയര്മാന് എം.പി ബാലകുമാര്‍ ലക്ഷാര്‍ച്ചന,സെക്രട്ടറി തുണ്ടത്തില്‍ വിജയന്, മാതൃസമിതിപ്രസിഡന്റ് ഇ.കെ.വനജാക്ഷിടീച്ചര്‍,എക്സിക്യൂട്ടീവ്ഓഫീസര്‍ കെ.വി.നാരായണന്‍നമ്പൂതിരി. വി.നാരായണന് നമ്പൂതിരി,പുഷ്പശശിധരന് എന്നിവര്‍ നേതൃത്വംനല്കി.
ശ്രീരാമ-സീതാ-ലവകുശ സങ്കല്‍പ്പങ്ങള്‍ ഏറെയുള്ള പൊന്‍കുഴി ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3.30 മുതല്‍് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. കേരളത്തിനുപുറമെ കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം’ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തിയിരുന്നു. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.രാവിലെ നാല്മണി മുതല്‍ ബത്തേരിയില്‍നിന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊന്‍കുഴിയിലേക്ക് സര്‍വ്വീസ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: