പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലെ ഇരു വിഭാഗങ്ങള്‍ സമവായത്തിലെത്തിയതോടെ ഇവിടെ കടന്ന് കയറി ആധിപത്യം സ്ഥാപിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. സാധുജന വിമോചന സംയുക്തവേദിയുടേയും അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ അസ്വസ്ഥതകള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് പരിഹരിച്ചിരുന്നു. ഇതോടെയാണ് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്.
സമരഭൂമിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് ഏതാനും കുടുംബങ്ങള്‍ കവാടത്തില്‍ ടാര്പ്പോളിന് ഷീറ്റ് കെട്ടി സമരം ആരംഭിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംയുക്ത വേദിപ്രവര്ത്തകരെന്ന് അവകാശപ്പെട്ട ഇവര്‍ പിന്നീട് സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കുകയും പാര്‍ട്ടി കൊടികള്‍ ഇവിടെ നാട്ടുകയും ചെയ്തു. അഭിപ്രായ ഭിന്നത മുതലാക്കി ആധിപത്യം ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലെ അപകടം മനസ്സിലാക്കിയ ഇരു സംഘടനകളും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം 10 വര്‍ഷം പിന്നിടുന്ന ചെങ്ങറ സമരം തുടക്കം മുതല്‍ അട്ടിമറിക്കാനായിരുന്നു സിപിഎം ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒരുവിഭാഗത്തെ പിന്തുണച്ചുകൊണ്ട് സമരഭൂമിയില്‍ കടന്നുകയറാനുള്ള നീക്കമാണ് പാളിപ്പോയത്.
സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വം വഹിച്ചിരുന്ന ളാഹഗോപാലന് ചെങ്ങറ സമരഭൂമിയില്‍ നിന്നും പിന്മാറിയതിനുശേഷം സംഘടനയുടെ പ്രവര്‍ത്തനം കുറഞ്ഞുവരികയായിരുന്നു. ഇവരുടെ പിന്മാറ്റത്തിനുശേഷമാണ് ചെങ്ങറ സമരക്കാര്‍ ഡവലപ്പ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റിക്ക് രൂപം നല്‍കുകയും ചെയ്തത്. തുടര്‍ന്ന് സംയുക്തവേദിയും വികസന സൊസൈറ്റിയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. ഇത് ഇപ്പോള്‍ ചെങ്ങറ സമരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.
ഇരു സംഘടനകളും തമ്മിലുള്ള ലയന തീരുമാനം അനുസരിച്ച് സാധുജന വിമോചന സംയുക്ത വേദിയിലേക്ക് ഡവലപ്പ്മെന്റ് സൊസൈറ്റിയിലെ അംഗങ്ങളെകൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കും. ഡവലപ്പ്മെന്റ് കമ്മിറ്റിയില്‍ നിന്നും 63 അംഗങ്ങളെകൂടി ചേര്‍ത്തുകൊണ്ട് സാധുജന വിമോചന സംയുക്തവേദിയുടെ സംസ്ഥാന കമ്മിറ്റി വിപുലീകരിക്കും. പത്ത് വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മുപ്പത് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാകും സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി. ഇതില്‍ 10 പേരെ ഉള്‍പ്പെടുത്തി ആസൂത്രണ ബോര്‍ഡ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സമരഭൂമിക്ക് ദോഷം വരുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പുറത്താക്കാനും ഡവലപ്പ്മെന്റ് സൊസൈറ്റിക്ക് അധികാരം ഉണ്ടായിരിക്കും. പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: