കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു(ഡിടിപിസി) കീഴിലുള്ള വിവിധ പ്രൊജക്ടുകളില്‍ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത. ഡിടിപിസി ജില്ലാ ഓഫീസ് മുന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികളാണ് വൈകുന്നത്.
ഡിടിപിസി മാനേജരായിരുന്നയാള്‍ മൂന്ന് ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ വിജിലന്‍സ് നടപടി ശിപാര്‍ശ ചെയ്തതാണ്. ഇയാള്‍ക്കെതിരെ രണ്ട് കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ടൂറിസം സെക്രട്ടറിയും ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
ബത്തേരി ടൗണ്‍ സ്ക്വയര്‍ പ്രൊജക്ടിലെ വാടകത്തട്ടിപ്പ്, ബസ് വാടക ഇനത്തില്‍ ലഭിച്ച തുകയുടെ അപഹരണം, മാനന്തവാടി പഴശി പ്രൊജക്ടിലെ മരംമുറി എന്നിവയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജിവനക്കാരനെതിരെയും നടപടിയെടുത്തില്ല. കുറുവ ദ്വീപില്‍നിന്നു പൂച്ചെടികള്‍ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിക്കെതിരായ നടപടിയും വൈകുകയാണ്. ആരോപണവിധേയരുടെ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് നടപടി വൈകുന്നതിനു കാരണമെന്ന് ആക്ഷേപമുണ്ട്. ടുറിസം വകുപ്പ് മേധാവികളുടെ അനുമതി വേണമെന്ന വിചിത്രവാദം ഉയര്‍ത്തിയാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് ഡിടിപിസി ജീവനക്കാരില്‍ ചിലര്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള പൂര്‍ണ അധികാരം ഡിടിപിസി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ക്കാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ഡിടിപിസിക്കു കീഴില്‍ വിവിധ പ്രൊജക്ടുകളിലായി 39 സ്ഥിരം ജീവനക്കാരാണുള്ളത്. 55 ആണ് താത്കാലിക ജീവനക്കാരുടെ എണ്ണം. ഡിടിപിസിയിലെ രാഷ്ട്രീയ ചേരിതിരിവ് ടൂറിസം വികസന പരിപാടികളെ ബാധിക്കുന്നതായും ജീവനക്കാരില്‍ ചിലര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: