പത്തനംതിട്ട: വിമാനത്താവള പദ്ധതിക്കുവേണ്ടി ബിലീവേഴ്സ് ചര്‍ച്ച് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് ഏറ്റെടുക്കാനും അതുവഴി നിയമ വിരുദ്ധമായി വ്യാജരേഖകളുടെ പിന്‍ബലത്തില്‍ പ്രമാണം ചെയ്ത് കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമിയില്‍ ബിലിവേഴ്സ് ചര്‍ച്ചിന് അവകാശം സ്ഥാപിച്ച് നല്‍കാനുമുള്ള സര്‍ക്കാറിന്റെ ഗൂഢപദ്ധതി അവസാനിപ്പിക്കണമെന്ന് ബിഡിജെഎസ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഗവണ്മെന്റ് നിയോഗിച്ച രാജമാണിക്കം ഐഎഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബിലീവേഴ്സ് ചര്‍ച്ച് കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പാട്ടക്കരാര്‍ പ്രകാരം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശമുണ്ടായിരുന്നതും പാട്ടക്കാലവധികഴിഞ്ഞതിനാല് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയുമാണ്. ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്എന്നത് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടുള്ളതും വീണ്ടെടുക്കുന്നതിന് കോടതി നടപടികള്‍ പുരോഗമിക്കുകയുമാണ്.
വസ്തുത ഇതായിരിക്കേ വിമാനത്താവള പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി വിലകൊടുത്തു വാങ്ങാനും മിച്ചം വരുന്ന ഭൂമിക്ക് ബിലിവേഴ്സ്ചര്ച്ചിന് അവകാശം സ്ഥാപിച്ച് നല്‍കാനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇതിന്റെ പിന്നില്‍ വലിയ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ബിലിവേഴ്സ് ചര്‍ച്ചിന് പണം നല്കി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും ബിഡിജെഎസ് എക്സിക്യൂട്ടിവ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: