പത്തനംതിട്ട: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയെന്നാരോപിച്ച് പണമിടപാട് സ്ഥാപനത്തിനെതിരെ പരാതിയുമായി സമരസമിതി രംഗത്ത്. ചെറുകോല്‍ പഞ്ചായത്തില്‍ വാഴക്കുന്നം ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന തേവര്‍വേലില്‍ ബാങ്കേഴ്സിനെതിരെയാണ് നിക്ഷേപകര്‍ ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് കോഴഞ്ചേരി സി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ അന്വേഷണം മന്ദഗതിയിലാണെന്നും ബാങ്ക് ഉടമയും കുടുംബവും താമസിക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിട്ടും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സമരസമിതി ആരോപിച്ചു.
അയിരൂര്‍, ചെറുകോല്‍, വാഴക്കുന്നം, കാട്ടൂര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് സാധാരണക്കാരാണ് ഒരായുസുമുഴുവന്‍ സമ്പാദിച്ച സ്വത്ത് ബാങ്കില്‍ നിക്ഷേപിച്ചത്. ഇവിടെനിന്നുമാത്രം ഉദ്ദേശ്യം 22 കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവുകഴിവുകള്‍ പറഞ്ഞ് ബാങ്കുകാര് തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടത്. കാനഡയിലേക്ക് ബാങ്ക് ഉടമകള്‍ കടന്നുകളയുമെന്ന സംശയത്തില്‍ നിക്ഷേപകര്‍ ബാങ്ക്ഉടമസ്ഥന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ നാടുവിട്ട് പോകില്ലെന്നും സംശയമുണ്ടെങ്കില്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കാനുമാണ് അവര്‍ പറഞ്ഞത്.
പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് കോഴഞ്ചേരി സി.ഐ ബി.അനിലിന് പരാതി നല്‍കിയത്. ഒടുവില്‍ സിഐയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് ബാങ്ക് ഉടമകള്‍ തയ്യാറായി. ഇതനുസരിച്ച് കഴിഞ്ഞ ജൂലൈ 15ന് മുമ്പ് പണം മുഴുവന്‍ കൊടുത്തുതീര്‍ക്കാമെന്ന് സമ്മതിച്ചിരുന്നതുമാണ്. ഈ ആവശ്യത്തിനായി രണ്ടര കോടി രൂപയ്ക്ക് വസ്തു വില്‍ക്കുകയാണെന്നും അവര്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പതിമൂന്നാം തീയതി പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും 15ന് പണം തീര്‍ച്ചയായും നല്‍കാമെന്നുമാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ എല്ലാവരെയും കബളിപ്പിച്ച് 13ന് രാത്രി ഇവര്‍ വീടുപൂട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു.
ബാങ്ക് ഉടമസ്ഥര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥത്തെ പെറ്റി പോലീസില്‍ അറിയിച്ചിട്ടും അറസ്റ്റുചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിക്കുന്നു. പോലീസ് ഒരു തരത്തിലും സഹകരിക്കാത്ത അവസ്ഥയാണിപ്പോള്‍. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉടന്‍ പരാതി സമര്‍പ്പിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.എ.ഫിലിപ്പോസ്, രക്ഷാധികാരി കുര്യന് മാത്യു തേവര്വേലി, വൈസ് പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി മാത്യു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: