ജന്മഭൂമി വാരാദ്യത്തില്‍ പി.കെ. വാരിയരെക്കുറിച്ചുള്ള ലേഖനം ശ്രദ്ധേയമായി. മൂന്നുനാലു വര്‍ഷം തുടര്‍ച്ചയായി ചികിത്സാര്‍ത്ഥം ആര്യവൈദ്യശാല ധര്മാശുപത്രിയില് പോകുകയും അവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി നേരിട്ടറിയുകയും ചരിത്രം വായിച്ചറിയുകയും ചെയ്ത ഒരു സാധാരണക്കാരനാണ് ഈ കുറിപ്പെഴുതുന്നത്. എല്ലാ വര്‍ഷവും ഒന്നോ രണ്ടോ മിനിറ്റ് പി.കെ. വാരിയരെ കാണുന്നതിനും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം പോയപ്പോള്‍ ഞാന്‍ പറഞ്ഞ വാചകമിതാണ്. കൈലാസത്തില്‍ പോയി വന്നവരെ കാല്‍തൊട്ടു വന്ദിക്കണം. എന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല. അങ്ങയ്ക്ക് ഇനിയും രോഗികള്‍ക്ക് ആശ്വാസം നല്‍കാനുള്ള ശക്തി ജഗദീശ്വരന് നല്കട്ടെ. (പി.കെ.വാരിയര്‍ താമസിക്കുന്ന ഗൃഹത്തിന്റെ പേര് കൈലാസമെന്നാണ്).
ധര്‍മ്മാശുപത്രിയിലെ ചിട്ടകളും ശുശ്രൂഷകളും ഡോക്ടര്‍മാരുടെ രോഗികളോടുള്ള പെരുമാറ്റങ്ങളും ആശുപത്രിയിലെ വൃത്തിയും മറ്റും ഇടക്കൊക്കെ മറ്റ് ധര്‍മ്മാശുപത്രികള്‍ നടത്തുന്നവര്‍ ചെന്നുകാണേണ്ടതാണ്. എല്ലാം കൃത്യനിഷ്ഠയോടെ, പരാതിക്കിടമില്ലാതെ, മരുന്നും ഭക്ഷണവും ചികിത്സയും എല്ലാം സൗജന്യമായി.
ആയുര്‍വേദത്തോടൊപ്പം അലോപ്പതിക്കും എക്സ്റേ, ലാബ് എല്ലാം സൗജന്യം. ഒപി വിഭാഗത്തില്‍ നൂറുകണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്. ആയുര്‍വേദത്തോടൊപ്പം അലോപ്പതിയിലും അവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്കുന്നു. ഉഴിച്ചിലിനും പിഴിച്ചിലിനും മറ്റു ചികിത്സകള്‍ക്കുമായി അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും രോഗികള്‍ ധാരാളമായി എത്തിച്ചേരുന്നു.
സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സക്ക് ആയിരക്കണക്കിന് രൂപ ചെലവുവരുന്നതുകൊണ്ട് ഇവിടെ എപ്പോഴും തിരക്കാണ്. ആഴ്ചയില്‍ ഒരുദിവസം കാന്‍സര്‍രോഗത്തിനുള്ള ചികിത്സയുമുണ്ട്. പി.കെ. വാരിയര്‍ ആത്മകഥയിലും അഭിമുഖങ്ങളിലും പല കാന്‍സര്‍ രോഗികളെയും ചികിത്സിച്ചു ഭേദമാക്കിയ കഥകള്‍ വിവരിക്കുന്നുണ്ട്.
ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിചെയ്യുന്ന ആര്യവൈദ്യശാലയുടെ ചരിത്രത്തില്‍ രണ്ട് സമരങ്ങള്‍ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പി.എസ്. വാരിയര്‍ തന്റെ ഒസ്യത്തില്‍ ലാഭം വിനിയോഗിക്കേണ്ട സമ്പ്രദായംവരെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ധര്‍മ്മാസ്പത്രിയില്‍ നല്ലൊരു ഗ്രന്ഥശാലയുണ്ട്. ഒട്ടുവളരെ കലാകാരന്മാരും ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. പല ഡോക്ടര്‍മാരും കലാസ്നേഹികളും വായനാശീലരുമാണ്.
പിഎസ്വി നാട്യസംഘം ഒട്ടനവധി കലാകാരന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. വൈദ്യശാലക്ക് കീഴിലുള്ള വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവത്തിന് ഒട്ടേറെ കലാകാരന്മാരെത്തിച്ചേരാറുണ്ട്. ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ധര്മാസ്പത്രിയുടെ അന്തരീക്ഷം രോഗികള്‍ക്കുകൂടി ഏറെ പ്രയോജനപ്പെടുന്നു. ഒരിക്കല്‍ ഞാന്‍ ഡോക്ടറോടു പറഞ്ഞു.
രോഗികളായ ഞങ്ങളെയാണ് നിങ്ങള്‍ ബഹുമാനിക്കുന്നു, ഞങ്ങള്‍ നിങ്ങളോട് കുടുംബാംഗങ്ങളെപ്പോലെ പെരുമാറുന്നു. ആര്യവൈദ്യശാലയുടെ പാരമ്പര്യം അതാണെന്നാണ് ഡോക്ടര്‍ മറുപടി പറഞ്ഞത്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ധര്മ്മാസ്പത്രി, അപ്പുറത്തുള്ള നഴ്സിംഗ് ഹോമില്‍ ഒട്ടറെ പ്രശസ്തര്‍ ചികിത്സക്കായി എത്തിച്ചേരാറുണ്ട്.
ഔഷധോദ്യാനം, മ്യൂസിയം, റിസര്‍ച്ച് സെന്റര്‍, ഫാക്ടറി തുടങ്ങി കോട്ടക്കല്‍ എന്നാല്‍ ആര്യവൈദ്യശാല എന്നതാണ് നമുക്കാദ്യം ഓര്‍മ്മവരിക. ഒട്ടേറെ ആശുപത്രികള്‍, ഏജന്‍സികള്‍, ബ്രാഞ്ചുകള്‍, ഒരു വലിയ വടവൃക്ഷം. അതനുദിനം പടര്‍ന്നുപന്തലിക്കുന്നു. ആ വൃക്ഷച്ചുവട്ടില്‍ നവതി കഴിഞ്ഞിട്ടും ഇന്നും കര്‍മ്മരംഗത്തുള്ള പി.കെ. വാരിയറെക്കുറിച്ച് എല്ലാവര്ക്കും നല്ലതു മാത്രമേ പറയാനുള്ളൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധേയമാണ്.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: