കോട്ടയം: റോഡിന്റെ നിലവാരവും നിര്‍മ്മാണമേന്മയും മഴക്കാലത്ത് അറിയാം. ഒറ്റമഴയ്ക്ക് തന്നെ മിക്ക റോഡുകളും തകരുകയാണ്. ഗ്രാമീണ റോഡുകളാണ് കൂടുതലും തകരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പഞ്ചായത്തുകളുടയോ നിയന്ത്രണത്തിലുള്ള റോഡുകളാണ് ഇവ. കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ മിക്ക ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. കാല്‍നട യാത്ര പോലും അസാധ്യമായതോടെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിലാണ്. നീലംപേരൂര്‍-ചക്കച്ചംപാക്ക റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതിന്് ഉദാഹരണമാണ്.
കുറഞ്ഞ തുകയ്ക്ക് ഒറ്റപാളിയില്‍ നിര്‍മ്മിക്കുന്ന റോഡുകളാണ് ഗ്രാമീണ മേഖലയിലുളളത്. സര്‍ക്കാരുകളുടെ വിവിധ സ്കീമുകളില്‍ പെടുത്തിയുള്ള റോഡുകളുടെ നിര്‍മാണ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ക്ക് താല്പര്യമില്ല. അവര്‍ക്ക് നിര്‍മാണങ്ങളിലാണ് താല്പര്യം. പല തവണ ടെന്‍ഡര്‍ വിളിച്ചാല്‍ മാത്രമെ പണി ഏറ്റെടുക്കുകയുളളു. ഉയര്‍ന്ന തുക ക്വാട്ട് ചെയ്തയായിരിക്കും പലപ്പോഴും കരാറുകാര്‍ ഇത്തരം റോഡുകളുടെ കരാര്‍ ഏറ്റെടുക്കുന്നത്. ഇത് റോഡിന്റെ നിലവാരത്തെയാണ് ബാധിക്കുന്നത്. രണ്ട് പാളിയില്‍ നിര്‍മിക്കേണ്ട റോഡ് ഒറ്റപാളിയില്‍ നിര്‍മിക്കും. ഈ റോഡുകളാണ് ഒറ്റമഴയില്‍ തകരുന്നത്.
വേനല്‍ക്കാലത്ത് ഗ്രാമീണ റോഡുകളില്‍ വാര്‍ഷിക അറ്റകുറ്റപണി നടക്കാറില്ല. മഴക്കാലത്ത് ചെറിയ കുഴികളിലില്‍ കൂടി വെള്ളം റോഡിനുള്ളിലേക്ക് ഊര്‍ന്നിറങ്ങും. ഈ രീതിയില്‍ വെള്ളം ഇറങ്ങി 48 മണിക്കൂര്‍ കഴിഞ്ഞാല്‍ എത്ര നല്ല രീതിയില്‍ ടാര്‍ ചെയ്ത റോഡിലും കുഴി്കള്‍ ഉണ്ടാവും. ഈ കുഴികള്‍ ഒരോ മഴ കഴിയുമ്പോള്‍ വലുതായി കുളം പോലെയാകും. ഗ്രാമീണ റോഡുകളില്‍ മഴവെള്ളം ഒഴുകി പോകാന്‍ ഓടകളും കുറവാണ്. മഴവെള്ളം റോഡില്‍ തന്നെ കെട്ടി കിടക്കുന്നതും റോഡുകളുടെ തകര്‍ച്ച വേഗത്തിലാക്കുന്നു.
കാഞ്ഞിരപ്പള്ളി: പ്രദേശത്തെ ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് തോടുകളായി. ഗുണമേന്മയില്ലാത്ത ടാറിംങ്ങാണ് ഗ്രാമീണറോഡുകള്‍ വേഗത്തില്‍ തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഓടകളുടെ അഭാവവും ഉള്ള ഓടകള്‍ മഴക്കാലത്തിന് മുന്‍പ് വൃത്തിയാക്കാത്തതും റോഡുകള്‍ തകരാന്‍ കാരണമാകുന്നുവെന്നാണ് ആക്ഷേപം. മഴക്കാലമായതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ ടാക്സിക്കാരും തയാറാകാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പലയിടത്തും വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുണ്ട്.
പഞ്ചായത്തിന് കീഴിലെ വിവിധ റോഡുകളും, പിഡബ്ലുഡി റോഡുകളും പൊട്ടിപ്പൊളിഞ്ഞു. കുണ്ടും കുഴിയും രൂപം കൊണ്ട റോഡിലൂടെ കാല് നടയാത്ര പോലും ദുസഹമാണ്. പഞ്ചായത്ത് റോഡുകളില്‍ ആനക്കല്ല് തമ്പലക്കാട്, കൊടുവന്താനം പാറക്കടവ്, ആനിത്തോട്ടം, ബിഷപ്പ് ഹൗസ്, പാറമട, ടിവിഎസ് റോഡുകളാണ് ഏറ്റവും കൂടുതല്‍ തകര്‍ന്ന് കിടക്കുന്നത്. പൊതുമരാമത്തിന്റെ കീഴിലുള്ള ആനക്കല്ല് പൊടിമറ്റം റോഡും തകര്‍ന്ന നിലയിലാണ്. കൂവപ്പള്ളി പനച്ചേപ്പള്ളി റോഡും തകര്‍ന്നിട്ട് നാളുകളായി. വലിയ കുഴികള്‍ രൂപം കൊണ്ടിരിക്കുന്ന റോഡില്‍ ടാറിംങ് ഇളകി മെറ്റലുകള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്.
കറുകച്ചാല്‍: ഉന്നത നിലവാരത്തില്‍ ടാറിഗ് നടത്തിയ ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പ്രധാന വളവുകളിലും കവലകളിലും റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി തുടങ്ങി. തെങ്ങണ, പെരുമ്പനച്ചി, കണിച്ചുകുളം, തറേപ്പടി, കൂത്രപ്പള്ളി, കറുകച്ചാല്‍, മാന്തുരുത്തി, മൈലാടി, കാഞ്ഞിരപ്പാറ 14-ാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ ടാറിംഗ് ഇളകികഴിഞ്ഞു. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം വെട്ടിച്ച് കടക്കുമ്പോള്‍ ദൈവം പടിയിലും നെത്തല്ലൂരിലും കുഴിയില്‍ വീഴുന്നത് പതിവാണ്.
ഈരാറ്റുപേട്ട: നടയ്ക്കല്‍-കുഴിവേലി പനച്ചികപ്പാറ റോഡ് തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി. നഗരസഭയെയും പൂഞ്ഞാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.
ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവാണ്. പല ഭാഗത്തും റോഡ് ഇല്ലാത്ത അവസ്ഥയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ ദിവസവുംആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നാട്ടുകാരും സ്കൂള്‍ അധികൃതരും പല പ്രാവശ്യം പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.
ചാമംപതാല്‍: പൊന്‍കുന്നത്ത് നിന്ന് ചാമംപതാലിന് വരുന്ന റോഡില്‍ തെക്കേത്ത്കവല കഴിഞ്ഞുള്ള സ്ഥലങ്ങളിലേറെയും പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. പൊന്‍കുന്നം-മഞ്ഞപ്പള്ളികുന്നിലും ഇത്തരത്തില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
പൊന്‍കുന്നം: ആനുവേലി-തമ്പലക്കാട് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി. ഉരുവശങ്ങളിലും ഓടയില്ലാത്തിനാല്‍ മഴവെള്ളം റോഡില്‍ക്കൂടി ഒഴുകിയാണ് കുഴികള്‍ രൂപപ്പെടുന്നത്.
ചാമംപതാല്‍: ചാമംപതാല്‍ മിച്ചഭൂമി റോഡ് തകര്‍ന്നതോടെ മിച്ചഭൂമി കോളനി നിവാസികളുടെ യാത്ര ദുരിതത്തിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡിന്റെ വശങ്ങള് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചതോടെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്.
കറുകച്ചാല്‍: പത്തനാട്-ചൂരക്കുന്നു റോഡ് ചെളിക്കുഴിയായതോടെ കാല്‍നടയാത്ര പോലും ദുരിതമായി. പുതുതായി കലുങ്കു നിര്‍മ്മിച്ചതോടെയാണ് റോഡില്‍ മുഴുവന്‍ ചെളിനിറഞ്ഞത്. റോഡിലുണ്ടായിരുന്ന ചപ്പാത്തു പൊളിച്ചാണ് കലുങ്കു നിര്‍മ്മിച്ചത്. മഴക്കാലത്ത് ധൃതി പിടിച്ച് പണി തീര്‍ത്തതാണ് റോഡിനെ ചെളിക്കുഴിയാക്കിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: