കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാനിയമം 2013 നടപ്പാക്കിയതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അന്തിമ മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉത്തരവിട്ടു. ജൂലൈ 22നു ശേഷം ഫീല്‍ഡ് ഇന്സ്പെക്ഷന് നടത്തി സ്ക്വാഡ് അനര്‍ഹരെ കണ്ടെത്തും.
അന്തിമ മുന്‍ഗണനാപട്ടികയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവരുണ്ടെങ്കില്‍ അവരുടെ റേഷന്‍ കാര്‍ഡുകള്‍ 22ന് മുമ്പ് ജില്ലാ കളക്ടറേറ്റില്‍ സറണ്ടര്‍ ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.
ഇന്സ്പെക്ഷന് നടത്തി കണ്ടെത്തുന്ന മുന്‍ഗണനാപട്ടികയിലെ അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊമോഷന്, ഇന്‍ക്രിമെന്റ് എന്നിവ തടയാന്‍ ശുപാര്‍ശ ചെയ്യും. സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യം തടയുന്നതിനും ശുപാര്‍ശ ചെയ്യും. മുന്‍ഗണനാപട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയതിനാല്‍ സാമ്പത്തികമായി അവശത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അനര്‍ഹരായവര്‍ സ്വമേധയാ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പിന്മാറണമെന്ന് കളക്ടര്‍ പറഞ്ഞു.
അനര്‍ഹരെ കണ്ടെത്താനായി രൂപീകരിച്ച സ്ക്വാഡിന്റെ കോഓര്‍ഡിനേറ്റര്‍ കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് സജി മെന്റസ് ആണ്. ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എന്‍.ബി. രതീദേവി, സിറ്റി താലൂക്ക് സപ്ലൈഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ സ്ക്വാഡ് അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: