പൂമുഖത്തെ ചാരുകസേരയില്‍ കിടന്നുകൊണ്ട് വര്‍ത്തമാനപത്രത്തില്‍ അലസം കണ്ണോടിക്കുകയാണ് മുത്തശ്ശന്. പൂമുഖത്തിണ്ണയില്‍ എന്തോ മനോരാജ്യം കണ്ടിരുന്ന മുത്തശ്ശി ആത്മഗതം കൊള്ളുമ്പോലെ മൊഴിഞ്ഞു: ‘കര്‍ക്കടക സംക്രമമല്ലേ ഇന്ന്?’
പത്രത്തില്‍നിന്നു നോട്ടം പറിച്ചെടുത്ത മുത്തശ്ശന് തിരക്കി: ‘അതിലാര്‍ക്കാ സംശയം?’
‘ഞാന്‍ ഓര്ക്കേയിര്നന്നു’- മുത്തശ്ശി തുടര്‍ന്നു: ‘പണ്ടൊക്കെ ഈ ദിവസം വീടുകളില്‍ എന്തൊക്കെ തിക്കുതിരുക്കുമായിരിക്കും. വീടും പരിസരോം വൃത്തിയാക്കണം; ജ്യേഷ്ഠാഭഗോതിയെ പടിക്കു പുറത്താക്കി, ശ്രീഭഗോത്യേ അകത്തേയ്ക്കാനയിക്കണം. ദിവസോം രണ്ടുനേരം ഭഗോതിക്കു വിളക്കുവെയ്ക്കണം; സന്നിധിയിലിരുന്നു രാമായണം വായിക്കണം… ഇന്നിപ്പൊ അങ്ങനെ വല്ല നടപടീംണ്ടോ? കര്‍ക്കടകം മുഴ്വേനും ഭഗോതിക്കു വിളക്കുവെയ്ക്കുന്ന നടപടി ഉണ്ടെന്ന് തോന്ന്ണു-
‘രാമായണം വായന നടക്ക്ണ്ല്യേ?’ മുത്തശ്ശന് ആരാഞ്ഞു.
‘ഉവ്വോ? പണ്ടത്തെ മാതിരി, എല്ലാ വീട്ടിലും ശ്രീഭഗോതീടെ സന്നിധീല് വച്ച് രാമായണം വായന നടത്ത്ണ്ണ്ടോ? എനിക്ക് തോന്ന്ണില്യ.’
‘എല്ലാവര്ക്കും തിരക്കല്ലേ? അതിനെടേല് രാമായണം വായനയ്ക്ക് എവിട്യാ നേരം?’
‘വരുണ്‍ കുട്ടന് പറ്യിര്ന്നു’ മുത്തശ്ശി തുടര്‍ന്നു. ‘ഇക്കൊല്ലം നമുക്ക് സുന്ദരകാണ്ഡം വായിച്ചാ മതീന്ന്’
‘ഒട്ടും പോരായ ഇല്ല. പണ്ടൊക്കെ അതായിരുന്നു ആചാരം. സുന്ദരകാണ്ഡം മാത്രേ വായ്ച്ചിര്ന്നുള്ളൂ. ആട്ടെ. എന്താ ഇപ്പൊ ഇങ്ങനെ നിര്‍ബന്ധം വെക്ക്യാന്‍?’
‘രാമായണം സുന്ദരകാണ്ഡം അവര്‍ക്ക് ക്ലാസ്സില്‍ പഠിക്കാന്‍ ഉണ്ട്ത്രേ. മുത്തശ്ശന് ഒഴുക്കന്മട്ടില് വായിച്ചുപോവ്ല്ലല്ലോ. സന്ദര്‍ഭം വിവരിച്ച് കഥപറഞ്ഞു പോവ്ല്ലേ?
അത് കുട്ട്യോള്‍ക്ക് വല്യേ ഇഷ്ടാണ്:’എന്നാപ്പിന്നെ അങ്ങനെത്തന്നെ ആയിക്കോട്ടെ. ദേവിയെ കണ്ടുവന്ന ഹനുമാനോട് ശ്രീരാമന് പറയുന്നതെന്താണെന്ന് ഓര്‍മയില്ലേ?’
‘ഉവ്വ. ഇദാനീം തേ പ്രയഛാമി സര്‍വസ്വം മമ മാരുതേ-എന്നല്ലേ?’
‘അതെ. എന്റ് സര്‍വസ്വവും ഞാന്‍ നിനക്കു തരുന്നു… സുന്ദരകാണ്ഡം വായിക്കുന്നവര്‍ക്കും ശ്രീരാമചന്ദ്രന് അവിടുത്തെ സര്‍വസ്വവും നില്കുന്നു.’
‘ഒന്നിനുമാളല്ലാ എന്നു കരുതി, മിണ്ടാതെ ഒരു മൂലയില്‍ അടങ്ങിയിരുന്നതല്ലേ ഹനുമാന്? ജാംബവാന് അയാളില്‍ ആത്മവിശ്വാസമുളവാക്കി. അതോടെ ഹനുമാന് മറ്റൊരാളായി, അല്ലേ?’
‘അതെ. മുനിശാപത്താല്‍ സ്വന്തം ബലം മറന്നിരിക്കയായിരുന്നില്ലേ ഹനുമാന്. ജാംബവാന്റെ വാക്കുകള്‍ ഹനുമാന് ശാപമോക്ഷം നല്കി. അതോടെ വായു പുത്രനില്‍ വീര്യം കത്തിക്കയറി-ലോഹദണ്ഡ് അഗ്നി കയ്യേല്ക്കുമ്പോലെ.
ഐതിഹാസികമായ കൃത്യനിര്‍വഹണത്തിനു പ്രാണശക്തി സമാഹൃതമായി. ആഞ്ജനേയന്റെ ശരീരം വിജ്രംഭിച്ചു; തല പൊക്കി നിന്ന്, താന്‍ സമുദ്രലംഘനത്തിനു തയാര്‍-എന്ന് ഏല്‍ക്കുകയായിരുന്നു. നൂറുയോജന കടന്നെത്താനുള്ള ചാട്ടത്തിന്റെ പാദാഘാതം ഏല്ക്കാന് ഭൂതലത്തിനായില്ല-എന്നുകണ്ട്, മാഹേന്ദ്രാചലത്തിന്റെ നെറുകയില്‍ ചെന്നുനിന്നു. ഇന്ദ്രിയങ്ങളെ ഒതുക്കി, ചിത്തവൃത്തികളെ ഏകാഗ്രമാക്കി ലങ്കയിലേയ്ക്കയച്ചു. മനസ്സമാധാനായ മഹാനുഭാവോ ജഗാമ ലങ്കാം മനസാ മനസ്വി-എന്നല്ലേ വാല്മീകി പറയുന്നത്.
‘മനസ്സിനെ ആദ്യം അക്കരെക്കൊണ്ടുറപ്പിക്കു; ശരീരത്തെ പിന്നെ അങ്ങോട്ടു വലിപ്പിക്കുക. അതാണ് വായുപുത്രന് ചെയ്തത്, അല്ലേ?’
‘അതുതന്നെ’ മുത്തശ്ശന് തലകുലുക്കി.
‘പുറപ്പാട്. നാളെ’ മുത്തശ്ശി ഭക്തിപൂര്‍വം മൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: