ന്യൂദല്‍ഹി: അമ്പതാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് വിചിത്രമായ നിലപാടു സ്വീകരിച്ച സിപിഎം ഒരിക്കല്‍ക്കൂടി രാജ്യവിരുദ്ധ നിലപാടുമായി രംഗത്ത്. ഇന്ത്യ അവരുടേതും ചൈന അവരുടേതുമെന്നു വിളിക്കുന്ന പ്രദേശം എന്നാണ് തര്‍ക്കസ്ഥലത്തെ അന്ന് സിപിഎം വിശേഷിപ്പിച്ചത്.
1962നു തുല്യമായ സാഹചര്യത്തില്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം എന്ന ആവശ്യമാണ് സിപിഎം ഉന്നയിക്കുന്നത്. ചൈനയെ പിന്തുണയ്ക്കുന്ന നയമാണ് സിപിഎമ്മിന്റേത്.
ചൈനീസ് സൈനിക നടപടിയെ എതിര്‍ക്കാന്‍ തയ്യാറാകാതിരുന്ന സിപിഎം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചു. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലെ എഡിറ്റോറിയലിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ചൈനാപ്രേമം’ വീണ്ടും പുറത്തുവന്നത്.
സിക്കിമിലെ ദോക് ലായില്‍ ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രാധിപരായ പീപ്പിള്‍സ് ഡമോക്രസി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ ഭൂട്ടാനെ പിന്തുണയ്ക്കേണ്ട കാര്യമില്ലെന്നും ചൈനയുമായി ഭൂട്ടാന് നേരിട്ട് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നുമാണ് സിപിഎം നിലപാട്.
ഭൂട്ടാന് ഇന്ത്യയുടെ സംരക്ഷണയില്‍ കഴിയുന്ന രാജ്യമല്ലെന്നും അവര്‍ അവരുടെ പ്രശ്നങ്ങള്‍ ചൈനയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നുമാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്. അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യ ചൈനയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണം. മോദി സര്‍ക്കാര്‍ അമേരിക്കയുമായി കൂടുതല്‍ അടുത്തതാണ് ചൈനയുമായുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.
ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശില്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേന്ദ്രമന്ത്രിമാരും സന്ദര്‍ശനം നടത്തിയത് ചൈനയെ പ്രകോപിപ്പിക്കുന്നതാണെന്നും അത്തരം നടപടികള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സിപിഎം മുഖപത്രം വിശദീകരിക്കുന്നു. ലഡാക്കിലെ തിബറ്റന്‍ സംവിധാനത്തില്‍ തിബറ്റന്‍ പതാകകള്‍ ഉയര്‍ത്തിയതടക്കമുള്ള പ്രകോപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ചൈനയ്ക്കെതിരെ ഉണ്ടാകുന്നതായും ഇവയെല്ലാം അവസാനിപ്പിക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.
സംഘര്‍ഷം കടുത്തപ്പോള്‍ 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധ, ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൈനക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. അന്നത്തെ ചൈനയല്ല ഇപ്പോഴത്തെ ചൈന എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ മറുപടി നല്‍കിയത്. എന്നാല്‍ സിപിഎമ്മിന്റെ കാര്യത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പീപ്പിള്‍സ്, ഡെമോക്രസി തെളിയിക്കുന്നു. രാജ്യവിരുദ്ധതയില് 1962ലെ നയം 2017ലും അവര്‍ ആവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: