നോവല്‍, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയില്‍ ഒരേപോലെ പ്രതിഭതെളിയിച്ച വ്യക്തിയാണ് ഡോ.ടി.ആര്. ശങ്കുണ്ണി. വെറ്ററിനറി കോളേജ് അധ്യാപകന്, കേരള കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
ശാസ്ത്രഗോപുരത്തിന്റെ രാജശില്പികള് തുടങ്ങി ആറ് ശാസ്ത്രഗ്രന്ഥങ്ങളും അക്കാദമി അവാര്‍ഡുകള്‍ നേടിയ വായുവിന്റെ കഥ ഉള്‍പ്പെടെ നിരവധി ബാലസാഹിത്യ ഗ്രന്ഥങ്ങളും ഉറൂബ് അവാര്‍ഡ് നേടിയ വേദസാക്ഷി അടക്കം ഏഴ് നോവലുകളും മുഖ്യരചനകളില്‍ ഉള്‍പ്പെടുന്നു.
ഡോ.ടി.ആര്. ശങ്കുണ്ണിയുടെ രാമായണ മാസത്തില്‍ സുന്ദരകാണ്ഡം വായിക്കാം എന്ന രചന സുന്ദരകാണ്ഡത്തിലൂടെയുള്ള പ്രാര്‍ത്ഥനാ പര്യടനമാണ്.
രാമായണം വായന എന്ന ആചാരം ഇതിഹാസ നായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാ പാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. കുടിയേറിയപ്പോള്‍, പാപപരിഹാരത്തിനും ഐശ്വര്യം വളരാനുമായി ഒരു മാസക്കാലം രാമായണം ചൊല്ലിക്കേള്ക്കൂ എന്ന ബ്രഹ്മനിര്ദ്ദേശത്തിന്പടി, മഹേശ്വരന് ബലരാമന് രാമായണ ഭാഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചു എന്നാണ് പഴമ. ശ്രാവണത്തിലാണ് ഈ ആചാരം ദീക്ഷിച്ചുപോന്നത്. നാമത് കര്‍ക്കടകത്തിലേക്ക് കൊണ്ടുവന്നുവെന്നാവാം. മഹേശ്വരന്റെ രാമായണം വായന കേള്‍ക്കാന്‍ ശ്രീപാര്‍വതിയും ശ്രീലക്ഷ്മിയും ദേവി സരസ്വതിയും വന്നുവെന്നു കേള്‍വിയുണ്ട്; അതിന്‍പടി, അവര്‍ക്കുകൂടി കേള്‍ക്കാന്‍ വേണ്ടിയാണ് നാം രാമായണം വായിക്കുന്നതെന്ന് വിശ്വസിച്ചുപോരുന്നു.
രാമായണം വായനകൊണ്ട് സങ്കടമോചനം, വിഘ്നനിവാരണം, ഐശ്വര്യലബ്ധി എന്നിവയുണ്ടാവും. രാമായണം മുഴുവന്‍ വായിക്കാനാവില്ലെങ്കില്, സുന്ദരകാണ്ഡം മാത്രം ഇക്കാലം വായിച്ചാല്‍ മതിയാവുമെന്നുണ്ട്. ഭഗവാന് വാല്മീകി സുന്ദരകാണ്ഡ ശ്ലോകങ്ങളില്‍ ഗായത്രീ മന്ത്രം വിന്യസിച്ചിട്ടുണ്ടെന്നാണ് വേദപണ്ഡിതരുടെ മതം; ആ നിലയിലത്രേ സുന്ദരകാണ്ഡ പാരായണത്തിനു രാമായണം മുഴുവന്‍ വായിച്ചാലുള്ള ഫലമുളവാകുന്നതത്രേ.
മുത്തശ്ശനും മുത്തശ്ശിയും പേരക്കിടാങ്ങളായ വരുണും ശരത്തും ശ്രീലക്ഷ്മിയും ശ്രീഹരിയും അടങ്ങുന്ന ഒരു കുടുംബസദസ്സില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന സുന്ദരകാണ്ഡത്തിലൂടെയുള്ള പ്രാര്ത്ഥനാപര്യടനത്തിന്റെ ഈ വാങ്മയ രൂപത്തില്‍ ആദിരാമായണത്തിനൊപ്പം കൃത്തിവാസരാമായണവും അധ്യാത്മരാമായണവും കിളിപ്പാട്ടും പ്രസന്നരാഘവവും ആനന്ദരാമായണവുമെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ വെളിച്ചം കാണുന്നുണ്ട്. വായിക്കാം നാളെ മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: