കണ്ണൂര്‍: സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം സിപിഎം അക്രമങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള അഭയാര്‍ത്ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു അഭയാര്‍ത്ഥി ക്യാമ്പ് സംഘടിപ്പിച്ചത്. ഭരണപരാജയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ചരിത്രത്തിലാദ്യമായാണ് രാഷ്ട്രീയ അക്രമത്തെത്തുടര്‍ന്ന് അശരണരായവര്‍ക്കു വേണ്ടി അഭയാര്‍ത്ഥി ക്യാമ്പുണ്ടാക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവരാണ് ഇവിടെ വന്നിട്ടുള്ളത്. ഒരു ഗവണ്മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നുള്ളത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഗുണ്ടകളാണ് ഇത് ചെയ്തിട്ടുള്ളത്. സത്യത്തില്‍ കാശ്മീരിലെ ഭീകരര്‍ ചെയ്യുന്നതിന് സമാനമായ അക്രമമാണ് പയ്യന്നൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത്. കാശ്മീര്‍ പണ്ഡിറ്റുകളോട് ഭീകരര്‍ ചെയ്ത അതേ ക്രൂരതയാണ് ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്തത്. കൊലപാതകം ചെയ്യുക, കൊള്ളയടിക്കുക, കൊള്ളിവെപ്പ് ചെയ്യുക-അങ്ങനെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് അവരെ പാലായനം ചെയ്യിപ്പിക്കുക. അതായത് ഭാരതീയര്‍ കാശ്മീരില്‍ താമസിക്കാന്‍ പാടില്ല, അതേ പോലെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബിജെപി, ആര് എസ് എസ് പ്രവര്‍ത്തകരോട് ചെയ്യുന്നത്.
എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയത് കേരളത്തിലെ അഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ ആളുകളാണ്. വീടുകള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ അഗ്നിശമന സേന വന്നെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ച് അയക്കുകയായിരുന്നു. പോലീസ് തിരിഞ്ഞുനോക്കിയില്ല. മാര്‍ക്സിസ്റ്റ് ഭീകരോടോപ്പമായിരുന്നു പോലീസും സിവില്‍ ഭരണകൂടവും. ഈ അക്രമം യാദൃശ്ചികമല്ല. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അക്രമിച്ച വീടുകള്‍ തന്നെയാണ് കഴിഞ്ഞ ദിവസവും അക്രമിക്കപ്പെട്ടത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണിത് .ഇതിനുവേണ്ടി കള്ള സ്ഫോടനങ്ങള്‍ അവര്‍ നടത്തി. ലിറ്റര്‍ കണക്കിന് പെട്രോള്‍ ആണ് അന്ന് വീടുകള്‍ കത്തിക്കാന്‍ ഉപയോഗിച്ചത്. അന്ന് പെട്രോള്‍ പമ്പുകള്‍ അവധിയായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇത്രയധികം പെട്രോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എവിടെ നിന്ന് കിട്ടി.
സമാനതകളില്ലാത്ത അക്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കേണ്ടതാണ്. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുന്നതിന് ഇതിനപ്പുറം തെളിവുകള്‍ വേണ്ട എന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. നിരവധി കുടുംബങ്ങള്‍ ക്യാമ്പില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷിന്റെ വീട്ടുപറമ്പില്‍ തയ്യാറാക്കിയ പന്തലിലാണ് ക്യാമ്പ് തുടങ്ങിയത്. ഇരുപതോളം പ്രവര്‍ത്തകരുടെ വീടുകളാണ് സിപിഎം സംഘം കഴിഞ്ഞ ദിവസം തീവച്ച് തകര്‍ത്തത്. കൊലവിളിയുമായി അഴിഞ്ഞാടിയ സിപിഎമ്മുകാരെ ഭയന്ന് വീട് വിട്ട് ഓടിപ്പോയവര്‍ ഇതിലേറെയാണ്. ഇവര്‍ക്കെല്ലാം അഭയം നല്‍കാനും സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിനൊപ്പം തന്നെ നഷ്ടപ്പെട്ട വീടുകളും വ്യാപാര സ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനം. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സെല്‍ കോഡിനേററര് കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: