ശാസ്താംകോട്ട: മഴക്കാലപൂര്‍വ ശുചീകരണത്തിലും തുടര്പദ്ധതികളിലും നടന്ന ലക്ഷങ്ങളുടെ വെട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി.
ജില്ലയില്‍ ഓരോ വാര്‍ഡിനും അനുവദിച്ച 50000 രൂപയാണ് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് കൈക്കലാക്കിയതെന്നാണ് സൂചന.
മഴ തുടങ്ങുന്നതിന് മുമ്പ് വാര്‍ഡ് തലത്തില്‍ അനുവദിച്ച 25000 രൂപ ശുചീകരണത്തിന് ചെലവാക്കാതെ പഞ്ചായത്തംഗങ്ങള്‍ സ്വന്തമാക്കിയതാണ് പകര്‍ച്ചപ്പനി ഇത്രയധികം പടരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പനി വ്യാപിച്ചതോടെ വീണ്ടും 25000 രൂപ വീതം അനുവദിച്ചു. കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ 3.58 കോടി രൂപയാണ് പഞ്ചായത്ത് തലത്തില്‍ വിതരണം ചെയ്തത്. ഇത് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി വിജിലന്‍സ് ഡിവൈഎസ്പിക്ക് യുവമോര്‍ച്ച ജില്ലാഘടകം നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായത്.
ഒരു വാര്‍ഡിന് നല്കിയ 25000 രൂപയില്‍ ശുചിത്വമിഷന് പതിനായിരവും നാഷണല്‍ ഹെല്‍ത്ത് മിഷന് പതിനായിരവും പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് അയ്യായിരവും വീതമായിരുന്നു വകയിരുത്തേണ്ടത്. ഏപ്രില്‍ അവസാനം നല്കിയ ആദ്യഗഡു ചുരുക്കം ചില വാര്‍ഡുകള്‍ മാത്രമാണ് ചെലവഴിച്ചത്. ഇതിന്റെ കണക്ക് പരിശോധിക്കാതെയാണ് മഴ തുടങ്ങിയതിനുശേഷമുള്ള രണ്ടാം ഗഡുവും നല്‍കിയത്.
പനി പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനത്തതോടെ ചില പഞ്ചായത്തുകള്‍ കാട് വെട്ടിതെളിക്കാനും ഓട വൃത്തിയാക്കാനും നീക്കം തുടങ്ങി. എന്നാല്‍ നല്കിയ തുകയ്ക്ക് പര്യാപ്തമായ തരത്തില്‍ യാതൊരു പ്രവര്‍ത്തനവും നടന്നില്ല.
ചില പഞ്ചായത്തുകളില്‍ അനുവദിച്ച തുക കെട്ടിക്കിടക്കുകയാണ്. തീവ്രശുചീകരണയജ്ഞം എന്ന പേരില്‍ രണ്ടാമത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ശുചിത്വസമിതി ചേരണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഏതാനും പഞ്ചായത്തുകളില്‍ മാത്രമേ ഈ നിര്‍ദ്ദേശം നടപ്പിലായുള്ളൂ. അനുവദിച്ച തുക ചെലവഴിക്കാനുള്ള അവകാശം ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്മാര്ക്കുമായിരുന്നു. ഇരുകൂട്ടര്ക്കുമെതിരായാണ് വിജിലന്‍സില്‍ പരാതി പോയത്. അനുവദിച്ച തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കേണ്ടത് ആറ് മാസം കഴിഞ്ഞാണ്. ഈ നിര്‍ദേശവും ഇത്തരക്കാര്‍ക്ക് സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: