കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പടുത്തിയ ടിവിപുരം ഗ്രാമ പഞ്ചായത്ത് ഇനി ആദര്‍ശ ഗ്രാമമാകുന്നു. ഓരോ എംപിമാരും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് മാതൃകാ വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ആവിഷ്ക്കരിച്ചത്. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍നിന്നും ജോസ് കെ മാണി എംപി ദത്തെടുത്ത ഗ്രാമമാണ് ടിവിപുരം.
അയ്യായിരത്തി മുന്നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യം, സാമൂഹ്യസ്ഥിതി, വൈദഗ്ദ്ധ്യ പരിശീലനം, വ്യക്തിത്വവികസനം, ശുചിത്വം, കായികശേഷി വികസനം, തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട് ടി.വി പുരം പ്രദേശത്ത് നിലനില്‍ക്കുന്ന വികസന പ്രശ്നങ്ങള്‍ കണ്ടത്തുന്നതിന് സോഷ്യല്‍ മാപ്പിംഗ,് ബേസ് ലൈന്‍ സര്‍വ്വേ എന്നിവ നടത്തും.
ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വകുപ്പും ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി രൂപരേഖ തയ്യാറാക്കും. ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാന്‍ ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച് മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കാനാണ് നീക്കം. ആവശ്യമായ തുക കേന്ദ്ര-സംസ്ഥാന- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സിഎസ്ആര്‍-എംപി ഫണ്ടുകളില്‍ നിന്നും സമാഹരിക്കും. കൂടാതെ പൊതുസമൂഹത്തില്‍ നിന്നും സാമ്പത്തിക സഹായവും ശ്രമദാനവും സ്വീകരിക്കും.
പദ്ധതി നിര്‍വ്വഹണം ചര്‍ച്ചചെയ്യാന്‍ കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ സി.എ ലത, ഗ്രാമവികസന വകുപ്പ് അഡീഷണല്‍ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ കെ. ഷൗക്കത്തലി, പിഎയു പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ടി.വിപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍, എഡിസി (ജനറല്‍) പി.എസ് ഷിനോ, പ്ലാനിംഗ് ഓഫീസര്‍ കെ.എസ് ലതി എന്നിവര്‍ സംസാരിച്ചു.
പദ്ധതി സംബന്ധിച്ച ആദ്യ വില്ലേജ് മീറ്റിംഗ് 18ന് ടിവി പുരത്ത് ചേരും. നിരവധി വികസന അപര്യാപ്തതകള്‍ നേരിടുന്ന രണ്ട് ട്രൈബല്‍ കോളനികളുള്ള ടിവിപുരത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തതെന്ന് എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: