കല്‍പ്പറ്റ: 2016 നവംബര്‍ 22ന് വയനാട് ജില്ലാ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ശരീഅത്ത് സംരക്ഷണ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയതിന് സമസ്ത നേതാക്കള്‍ക്ക് കോടതി തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി പി ശബരിനാഥനാണ് ശിക്ഷ വിധിച്ചത്. കാല് ലക്ഷത്തോളം പേര് പങ്കെടുത്ത റാലി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്്ലിയാരാണ് ഉദ്ഘാടനം ചെയ്തത്. പി സുരേന്ദ്രന്, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു. ഇതു സംബന്ധിച്ച് കല്‍പ്പറ്റ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 143 അന്യായമായി സംഘം ചേരല്‍, 147 കലാപമുണ്ടാക്കാന്‍ ശ്രമം നടത്തല്‍, 283 മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, കേരള പബ്ലിക് വേ റസ്ട്രിക്ഷന്‍ ഓഫ് അസംബ്ലീസ് ആന്‍ഡ് പ്രൊഫഷന് ആക്ട് 06 പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. സംഘടക സമിതി ചെയര്മാന് പിണങ്ങോട് അബൂബക്കര്‍, കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട്, ട്രഷറര്‍ പി.സി ഇബ്രാഹീം ഹാജി, സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, മാനേജ്മെന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി മൗലവി, വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്തംഗം പി ഇസ്മാഈല്‍, സമയ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കളും സംഘാടക സമിതി ഭാരവാഹികളുമായ കാഞ്ഞായി ഉസ്മാന്, എം അബ്ദുറഹിമാന് ഹാജി, സലീം മേമന, ശംസുദ്ധീന്‍ റഹ്മാനി, നൗഫല്‍ വകേരി, കെ.സി നവാസ് മൗലവി, ഹാരിസ് ബനാന എന്നീ 15 പേരുടെ മേലിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ക്ക് 1700 രൂപ വീതം 25500 രൂപ പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയുമാണ് വിധിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചതായി വിധിന്യായത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്്. എന്നാല്‍ തികച്ചും അന്യായവും അവാസ്തവവുമാണ് കേസിന് ആസ്പദമായ കുറ്റാരോപണങ്ങളെന്ന് സമസ്ത ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പരിപാടിക്കിടെ സ്വകാര്യ ബസ് എറിഞ്ഞു തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: