ന്യൂദല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് ബിസിസിഐ ഉപദേശക സമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിയെ പരിശീലകനായി പ്രഖ്യാപിച്ചത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രിയെ പരിശീലകനാക്കി നിയമിച്ച വിവരം ആക്ടിങ് പ്രസിഡന്റ് സി കെ ഖന്ന അറിയിച്ചത്.
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. അനില്‍ കുംബ്ലെയുടെ പകരക്കാരനായി രണ്ടു വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ നിയമനം. നാടകീയ രംഗങ്ങളാണ് പരിശീലക തിരഞ്ഞെടുപ്പില്‍ അരങ്ങേറിയത്. രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചു എന്ന തരത്തില്‍ ഇന്നലെ ഉച്ച മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പിന്നീട് ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ പുതിയ പരിശീലകനുണ്ടാവു എന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നും അറിയിച്ച് ബിസിസിഐ രംഗത്തെത്തി. ബിസിസിഐയുടെ ആക്റ്റിങ് സെക്രട്ടറി അമിതാബ് ചൗധരിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
ക്രിക്കറ്റ് ഉപദേശക സമതി അംഗങ്ങളായ സചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണും കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ചൗധരി കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തിനകം പരിശീലകനെ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി ചെയര്മാന് വിനോദ് റായിയും ബിസിസിഐയോട് ആവശ്യപ്പെട്ടു. അതോടെ, രവി ശാസ്ത്രിയെ പരിശീലകനായി പ്രഖ്യാപിച്ചു എന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് പുറത്തുവിട്ടു. അടുത്ത ക്രിക്കറ്റ് ലോകകപ്പ് വരെ രവി ശാസ്ത്രി പരിശീലകനാവുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് ബിസിസിഐ ഇക്കാര്യം നിഷേധിച്ചത്.
പിന്നീട് രാത്രിയോടെയാണ് കോച്ചിനെ നിയമിച്ച വാര്‍ത്ത ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടത്. ശ്രീലങ്കന്‍ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന് കീഴില്‍ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷം ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവയ്ക്കുകയായിരുന്നു.
10 പേര് ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിക്കൊപ്പം വീരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ് എന്നിവരായിരുന്നു അവസാന പോരാട്ടത്തിനുണ്ടായിരുന്നത്. ആരാധക പിന്തുണ സെവാഗിനൊപ്പം ആയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ അഭിപ്രായം രവി ശാസ്ത്രിക്കൊപ്പമായിരുന്നു.
2016ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ പദവി കുംബ്ലെയുടെ വരവോടെയാണ് തെറിച്ചത്. ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ എട്ട് ടെസ്റ്റും 16 ഏകദിനവും 20 ട്വന്റിയും ഇന്ത്യ കളിച്ചിട്ടുണ്ട്.
എട്ട് ടെസ്റ്റില്‍ അഞ്ച് മല്‍സരം വിജയിക്കുകയും രണ്ട് മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ ഒരു മല്‍സരം സമനിലയിലും പിരിഞ്ഞു. ഏകദിനത്തില്‍ 16 മല്‍സരത്തില്‍ നിന്ന് ഏഴ് മല്‍സരത്തില്‍ മാത്രമേ ഇന്ത്യക്ക് ജയിക്കാനായുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: