പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന ധരരാജ് അനുസ്മരണത്തിനെത്തിയ സിപിഎം സംഘം പയ്യന്നൂര്‍ മേഖലയില്‍ നടത്തിയ അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാവുന്നു. സംഘപരിവാര്‍ സംഘടനകളുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ നേതാക്കളുടേയും വീടുകളും വാഹനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടു. ഇന്ന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടക്കേണ്ട സി.കെ.രാമചന്ദ്രന് അനുസ്മരണ പരിപാടി അലങ്കോലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണ് അക്രമം. കഴിഞ്ഞ വര്‍ഷം ജൂലായ് 11 ന് സിപിഎം സംഘം വെട്ടിക്കൊന്ന ബിഎംഎസ് നേതാവ് രാമചന്ദ്രന്റെ അനുസ്മരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘപരിവാര്‍ സംഘടനകള്‍ പയ്യന്നൂരില്‍ ആസൂത്രണം ചെയ്തത്. വ്യാപകമായ പ്രചാരണവും ജനപിന്തുണയും പരിപാടിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഇന്ന് നടക്കുന്ന പരിപാടിയില്‍ വന്‍ജനപങ്കാളിത്തം ഉണ്ടാകുമെന്നും മുന്‍കൂട്ടി കണ്ട് ഇതിലുളള അസഹിഷ്ണുതയാണ് ആസൂത്രിത അക്രമത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. പരിപാടിയുടെ തലേ ദിവസം അക്രമം നടത്തി ഇന്നു നടക്കുന്ന അനുസ്മരണ പരിപാടി അലങ്കോലമാക്കുകയെന്ന വ്യക്തമായ ലക്ഷ്യമാണ് അക്രമത്തിന് പിന്നിലുളളത്.
പയ്യന്നൂര്‍ മേഖലയില്‍ ഏതാനും മാസം മുമ്പ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് ബിജുവിനെ സിപിഎം സംഘം വെട്ടിക്കൊന്ന സംഭവം സിപിഎമ്മിനകത്തും പൊതുസമൂഹത്തിലും സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിപിഎം കൊലപാതകം നടത്തിയിട്ടും സംഘപരിവാര്‍ സംഘടനകള്‍ ആത്മസംയമനം പാലിച്ചിരുന്നതിനാല്‍ പയ്യന്നൂര്‍ മേഖലയില്‍ സമാധാനം നിലനില്‍ക്കുകയായിരുന്നു.എന്നാല്‍ മേഖലയില്‍ വീണ്ടും അക്രമം നടത്തി സമാധാനം കെടുത്തിയ സിപിഎം നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: