കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശത്ത് മൂപ്പൈനാട് പഞ്ചായത്ത് അനധികൃത സ്ഥലമെടുപ്പ് നടത്തിയെന്ന് നീലിമല പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. നീലിമലയുടെ ചെങ്കുത്തായ പ്രദേശത്ത് അറവുശാല, മാലിന്യ പ്ലാന്റ്, ശ്മശാനം എന്നീ പദ്ധതികള്‍ക്കായാണ് സ്ഥലമെടുത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നില്‍ കച്ചവട താത്പര്യം മാത്രമാണുള്ളതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് നീരുറവകള്‍ ഉല്‍ഭവിക്കുന്നത് ഈ മലഞ്ചെരുവില്‍ നിന്നാണ്.
2009ല്‍ നീലിമലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവിടെ പഠനം നടത്തിയ ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദരും ഈ പ്രദേശം അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്നും ഇവിടെ മഴക്കുഴി പോലും നിര്‍മിക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാപ്പി രജിസ്ട്രേഷന് നിലവിലുള്ള റീസര്‍വേയില്‍പ്പെട്ട ഭൂമിയായതിനാല്‍ ഇവിടെ കേസും നിലനില്‍ക്കുന്നുണ്ട്. ഒപ്പം വനത്തോട് ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമാണിത്. ഇത്തരം കാരണങ്ങളാല്‍ വില്പന നടത്താന്‍ സാധ്യമല്ലാത്ത ഒരു ഭൂമിയാണ് പഞ്ചായത്ത് ഇപ്പോള്‍ വിലകൊടുത്ത് വാങ്ങിയിരിക്കുന്നത്. ഗ്രാമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഈ ഭൂമി പഞ്ചായത്ത് വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിലെ അഴമതിയും കെടുകാര്യസ്ഥതയും കച്ചവട താല്പര്യവും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഷ്ടപ്പെട്ട പൊതുഫണ്ട് തിരികെ ലഭിക്കാനുമുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നും സമിതി രക്ഷാധികാരി പി.വി വേണുഗോപാല്‍, ചെയര്മാന് പി.ഒ തോമസ്, കണ്‍വീനര്‍ ഉണിക്കാട് ബാലന്, അംഗങ്ങളായ വി.ആര് ശ്രീധരന്, ജോര്‍ജ് എം. പോള്‍, കെ.വി അനീഷ്, പി.സി ബിജു, സാജന് മാത്യു, ബാലസുബ്രഹ്മണ്യന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: