കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജനപ്രിയ നായകന് ദിലീപ് അറസ്റ്റില്‍. ഇന്നലെ രാവിലെ രഹസ്യകേന്ദ്രത്തില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുഢാലോചനക്കുറ്റമാണ് ദിലീപിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ കഠിന തടവോ ജീവപര്യന്തം ശിക്ഷയോ കിട്ടാനിടയുണ്ട്.
ദിലീപിന് നടിയോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ കൊണ്ടുവന്നു. നടനും സംവിധായകനുമായ നാദിര്‍ഷയെ പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യമാധവനും, അമ്മ ശ്യാമളയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും കഴിഞ്ഞ ആഴ്ച 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ മൊഴി നിര്‍ണ്ണായകമായി. അതീവ രഹസ്യമായിട്ടാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിന് എഴുതിയ കത്തും, നാദിര്‍ഷയും അപ്പുണ്ണിയുമായി നടത്തിയ ഫോണ്‍വിളികളുമാണ് കേസില്‍ അന്വേഷണം ദിലീപിലേക്ക് എത്തിച്ചേര്‍ന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചുവെന്നാണ് വിവരം.
കേസിന്റെ തുടക്കത്തില്‍ തന്നെ ഗൂഢാലോചന ഉണ്ടെന്ന് പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ തെളിവ് ലഭിച്ചിരുന്നില്ല. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നു. കോടതിക്കുള്ളില്‍ വച്ചാണ് പോലീസ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്. സുനി മാത്രമല്ല ഇതിനു പിന്നില്‍ എന്ന ആരോപണം അന്നുമുതല്‍ സിനിമ മേഖലയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ തുടക്കം മുതല്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി 9.30ന് അങ്കമാലി ദേശീയ പാതയില്‍ പറമ്പയത്തിനടുത്ത് നിന്നാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോയത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
ഓടുന്ന വാഹനത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍ അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം നിര്‍മാതാവും നടനുമായ ലാലിന്റെ കാക്കനാട്ടെ വീടിന് സമീപം ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് നടി ലാലിന്റെ വീട്ടില്‍ അഭിയം പ്രാപിച്ചു. ലാല്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടിയുടെ മൊഴിയെടുത്തതും കേസ് രജിസ്റ്റര്‍ ചെയ്തതും. സംഭവദിവസം തന്നെ ഡ്രൈവര്‍ മാര്ട്ടിന് ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: