പെരിങ്ങോട്ടുകുര്‍ശ്ശി: പെരിങ്ങോട്ടുകുര്‍ശ്ശി ഗ്രാമപഞ്ചായത്തിനെയും ലക്കിടി പേരൂര്‍, ഗ്രാമപഞ്ചായത്തിലെ പത്തിരിപ്പാലയെയും ബന്ധിപ്പിക്കാന്‍ ഭാരതപുഴയ്ക്കു കുറുകേ പാലം വരുന്നു. ഞാവളിന്‍ കടവ് മേല്‍പാലത്തിനാണ് ഇതു സംബന്ധിച്ച് ഭരണാനുമതി ലഭിച്ചത്.
പാലം നിര്‍മാണത്തിനും വിശദ പരിശോധനയ്ക്കുശേഷം പൊതുമരാമത്ത് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പാലം നിലവില്‍ വരുന്നതോടെ ഇരുഗ്രാമപഞ്ചായത്തുകളിലുമുള്ളവര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പതിറ്റാണ്ടുകളായുള്ള ജനകീയാവശ്യമാണ് ഇതുവഴി യാഥാര്‍ഥ്യമാകുന്നത്. ഭാരതപ്പുഴയില്‍ വെള്ളം നിര്‍ത്താന്‍ ഇരുപ്രദേശത്തുമുള്ളവര്ക്ക് അക്കരയിക്കരെ കടക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യമാണ്. എല്ലാ വര്‍ഷക്കാലത്തും ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയാണ്.
ഇതുമൂലം കിലോമീറ്ററുകള്‍ ചുറ്റിവേണം ഇരുപഞ്ചായത്തുകളിലുമുള്ളവര്ക്ക് സഞ്ചരിക്കാന്‍. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുമെന്നതാണ് യാഥാര്‍ഥ്യം.
പാലം നിര്‍മാണത്തിനു ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി സാങ്കേതികാനുമതിയും ലഭിച്ചു. പുഴയ്ക്കു കുറുകേ മേല്പാലത്തിലേക്കുള്ള അനുബന്ധ റോഡിനായി കര്‍ഷകരില്‍നിന്നും ഏറ്റെടുക്കുന്ന സ്ഥലവും മറ്റും വിശദാംശങ്ങളും കാണിച്ച് നല്കിയ ഭരണാനുമതിക്ക് ഗവര്‍ണറുടെ ഉത്തരവു പ്രകാരമുള്ള സമ്മതപത്രവും ഇതിനകം ലഭിച്ചുകഴിഞ്ഞു.
ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലും പുഴയുടെ മറുഭാഗത്തെ പെരിങ്ങോട്ടുകുര്‍ശ്ശി പഞ്ചായത്തിലുമായി 564 സെന്റ് ഭൂമിയാണ് അനുബന്ധ റോഡിനായി ഏറ്റെടുക്കുക.
25 കര്‍ഷകരില്‍നിന്നും 47 സര്‍വേ നമ്പറുകളിലായുള്ള ഭൂമിയാണിത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ വിലയും ഭരണാനുമതിയില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
ജനപ്രതിനിധികളും കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.
പുഴയില്‍ 180 മീറ്ററും റെയിലിനു കുറുകേ നൂറുമീറ്ററുമാണ് മേല്‍പാലത്തിന്റെ നീളം. പത്തിരിപ്പാലയില്‍ നിന്നും വരുന്ന അതൃക്കാട് റോഡില്‍ നിന്ന് പാമ്പാടി- പെരിങ്ങോട്ടുകുര്‍ശ്ശി പ്രധാന റോഡിലേക്കുള്ള അനുബന്ധ റോഡിന്റെ നീളം രണ്ടുകിലോമീറ്ററോളം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: