പുലാമന്തോള്‍: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പുലാമന്തോള്‍ ടൗണ്‍ നവീകരണം നീണ്ടുപോകുന്നു. ഇതുമൂലം ടൗണിലെത്തുന്ന ജനങ്ങളും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബസ്സ് ഷെല്‍ട്ടറുകളുടെ അഭാവവും. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിന്റെ തകര്‍ച്ചയും, പാര്‍ക്കിംങ് സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളെ വല്ലാതെ വലക്കുന്നുണ്ട്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും നവീകരണം തുടങ്ങിയിട്ടില്ല. 2016 ജൂണിലാണ് നവീകരണത്തിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടമായി റോഡ് കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്കി. ജൂലൈയില്‍ സര്‍വ്വകക്ഷി പിന്തുണയോടെ ഇവരെ ഒഴിപ്പിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട ഒഴിപ്പിക്കല്‍ പ്രക്രിയക്ക് ശേഷം ടൗണില്‍ ഓവുചാലുകള്‍ നിര്‍മ്മിക്കുകയും അരികുകള്‍ വീതി കൂട്ടുകയും ചെയ്തു. ഇത്രയും ചെയ്തപ്പോഴേക്കും ഫണ്ട് തീര്‍ന്നു. പഞ്ചായത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീണ്ടും പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മ്മാണം പുനരാരംഭിച്ചില്ല.
മഴക്കാലമായതോടെ യാത്രക്കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും മറ്റുമാണ് കയറി നില്‍ക്കുന്നത്. മുമ്പ് ബസ്സുകള്‍ നിര്‍ത്തിയിരുന്ന സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിംങിനായി കയ്യടക്കി. ഇതോടെ തോന്നിയ സ്ഥലങ്ങളിലാണ് ബസ് നിര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: