ചെര്‍പ്പുളശ്ശേരി: വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടിയ രണ്ടു പേര്ചെര്പ്പുളശ്ശേരി പോലീസ് പിടിയിലായി. പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ്ഹനീഫ (44), ഗൂഡല്ലൂര്‍ എംജിആര്‍ നഗര്‍ നര്‍ത്തകി വീട്ടില്‍ ബാലചന്ദ്രന് (38) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ഇന്ന് ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും. പണം തട്ടാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം പൂശിയ ഒന്നര കിലോയിലധികം തൂക്കംവരുന്ന ലോഹക്കട്ടിയും ഇവരില്‍നിന്ന് പിടികൂടി. നെല്ലായ പൊട്ടിച്ചിറ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂത കള്ളുഷാപ്പിനു സമീപത്തുള്ള ബസ് വെയിറ്റിംഗ് ഷെഡ് പരിസരത്തുവെച്ച് ഇവരെ പോലീസ് പിടികൂടിയത്.
ഒരാഴ്ച മുമ്പ് ഒന്നര കിലോ സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് മുഹമ്മദ്ഹനിഫ രണ്ടു ലക്ഷം രൂപ കൈപ്പറ്റി. കിണറു കുഴിച്ചപ്പോള്‍ കിട്ടിയ നിധി എന്നു പറഞ്ഞ് സ്വര്‍ണം കാണിച്ചിരുന്നു. മൊത്തം 20 ലക്ഷം രൂപക്കാണ് കരാറുറപ്പിച്ചത്. സ്വര്‍ണ്ണം കൈമാറാംഎന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അഡ്വാന്‍സ് നല്‍കിയതെങ്കിലും കൈമാറുന്ന സ്ഥലം പലതവണ മാറ്റി പറഞ്ഞ സംശയത്തിലാണ് രഹസ്യമായി പോലീസിനെ വിവരം അറിയിച്ചത്.
കൈമാറാമെന്ന് പറഞ്ഞ സ്ഥലത്ത് പോലീസ് വേഷം മാറി ഒളിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികളെ സൂത്രത്തില്‍ ബസ് സ്റ്റോപ്പിനടുത്തുനിന്ന് പിടികൂടുകയായിരുന്നു.
കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍റസാഖ് ആണ് തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ലോഹക്കട്ടി നല്‍കുന്നതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.ഇതിനു മുമ്പും തട്ടിപ്പുകള്‍ നടത്തിയതായി സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതെക്കുറിച്ച് അറിവാകും.
ഇത്തരത്തിലുള്ള തട്ടിപ്പ് മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു.ലാഭത്തില്‍ സ്വര്‍ണം ലഭിക്കുന്നു എന്നതിനാലാണ് ആളുകള്‍ ഇതു വാങ്ങാന്‍ തയ്യാറാകുന്നത്.ഇത്തരം സംഭവങ്ങള്‍ അറിവായാല്‍ പോലീസില്‍ അറിയിക്കണമെന്നും സിഐ: ദീപക്കുമാര്‍ പറഞ്ഞു.
എസ്ഐ:പി.എം.ലിബി,സ്പെഷ്യല്‍ സ്ക്വാഡ് എഎസ്ഐ താഹിര്‍, സിപിഒമാരായ ബിജു,കൃഷ്ണദാസ്, ശങ്കരനാരായണന് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: