കോഴഞ്ചേരി: തടിയൂര്‍-തോണിപ്പുഴ-കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുവാന്‍ ധാരണയായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്തില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിപ്പിച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുവാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സഡക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സഡക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഈ റോഡ് പിഎംജിഎസ്വൈയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 9 കോടി രൂപയോളം ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും രൂപ ചിലവഴിച്ച് റോഡ് നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ തീരുമാനിച്ചത്. മഴക്കാലമായതിനാല്‍ ഉടനടി പണികള്‍ നടത്താന്‍ കഴിയില്ലെന്നും ഉദ്യേഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. റാന്നി ആറന്മുള നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും വളരെ തിരക്കേറിയതുമായ റോഡാണിത്. പ്രസിദ്ധമായ ചരല്‍കുന്ന് ക്യാമ്പ് സെന്റര്‍ അരുവിക്കുഴി വെള്ളച്ചാട്ടം, കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂര്‍ക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരുന്നതിനുള്ള പ്രധാനപാതകൂടിയാണ് ഇത്. ഇടയ്ക്കാട് മാര്‍ക്കറ്റുമുതല്‍ തോണിപ്പുഴ ജംഗ്ഷന്‍വരെയുള്ള പ്രദേശത്തെ റോഡാണ് കൂടുതലായി തകര്‍ന്നിട്ടുള്ളത്. വെള്ളക്കെട്ട് കൂടുതലായി ഉണ്ടാകുന്ന ഭാഗത്ത് ടൈല്‍സ് പാകുവാനും, ബാക്കിയുള്ള ഭാഗങ്ങളില്‍ പാച്ചുവര്‍ക്ക് നടത്തുന്നതിനുമാണ് എസ്റ്റിമേറ്റില്‍ തുക വകകൊള്ളിച്ചിരിക്കുന്നത്. നിലവിലുളള പദ്ധതി ഭേദഗതി ചെയ്ത് പുതിയ പദ്ധതി ഏറ്റെടുക്കാന്‍ അനുവാദം ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ച് പണി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: