പത്തനംതിട്ട: തെരുവ് നായകളുടെ വിളയാട്ടം ജനജീവിതത്തിന് ഭീഷണി ആകുമ്പോഴും ഇവയുടെ പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാകുന്നില്ല. വിവിധ വകുപ്പുകളുടെ അലംഭാവമാണ് നിയന്ത്രണത്തിന് ആസൂത്രണം ചെയ്ത പദ്ധതികള്‍ പാളിപ്പോകാന്‍ ഇടയാക്കിയത്.
തദ്ദേശസ്ഥാപനങ്ങള്‍ രണ്ടുവര്‍ഷമായി പദ്ധതിവിഹിതം നീക്കിവച്ച് കാത്തിരുന്നിട്ടും തെരുവുനായ്ക്കളുടെ പ്രജനനവും വിളയാട്ടവും തടയാന്‍ നടപടികളില്ല. നായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും പരസ്പരം പഴിചാരുകയാണ് വിവിധവകുപ്പുകള്‍. കഴിഞ്ഞവര്‍ഷം മൃഗസംരക്ഷണവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 11,548 തെരുവുനായ്ക്കളെ കണ്ടെത്തിയിരുന്നു. ഇവയില്‍ കഴിഞ്ഞവര്‍ഷം വന്ധ്യംകരണത്തിനു വിധേയമാക്കിയത് 736 നായ്ക്കളെ മാത്രമാണ്.
കഴിഞ്ഞ ദിവസം കുമ്പഴയിലെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന രണ്ടുപേരെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതോടെയാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ജില്ലയൊട്ടാകെ പദ്ധതി നടപ്പാക്കാന്‍ വേണ്ടി ഓരോ തദ്ദേശസ്ഥാപനവും 2015 -16 ലെ പദ്ധതി മുതല്‍ ഫണ്ട് നീക്കിവച്ചുവരികയാണ്.
ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ഫണ്ട് നീക്കിവച്ചിട്ടും പദ്ധതി ഏറ്റെടുക്കാന്‍ മൃഗസംരക്ഷണവകുപ്പ് തയ്യാറായില്ല. തെരുവുനായ്ക്കളുടെ ശല്യം ഏറിയതോടെ കഴിഞ്ഞവര്‍ഷം പദ്ധതി വീണ്ടും നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് പത്തനംതിട്ട നഗരസഭ വകയിരുത്തിയത് അഞ്ചുലക്ഷം രൂപയാണ്. എന്നാല്‍ ഒരു നായയെപോലും പിടികൂടി വന്ധ്യംകരണം നടത്താന്‍ ആയില്ല. ജില്ലയില്‍ പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനു വിധേയമാക്കുന്നതിലേക്ക് മൃഗസംരക്ഷണവകുപ്പിന് ജില്ലയില്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ കൊല്ലം ജില്ലയിലെ എസ്പിസിഎയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവു കാരണം എസ്പിസിഎയുടെ സഹകരണം കുറഞ്ഞു.
കൊല്ലത്തെ ഡോക്ടര്‍മാരെ പത്തനംതിട്ടയിലേക്കു നിയോഗിച്ചതു വിവാദമായതോടെ രണ്ട് ബ്ലോക്കുകളിലെ നടപടികള്‍ക്കുശേഷം പദ്ധതി തത്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ജില്ലയില്‍ ഇനി തെരുവുനായ വന്ധ്യംകരണം പുനരാരംഭിക്കണമെങ്കില്‍ ജില്ലാ ആസൂത്രണ സമിതി ചേര്‍ന്ന് പുതുക്കിയ നിരക്ക് പ്രഖ്യാപിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് നിലവിലെ ചെലവ് 1500രൂപയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് 1900രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നായ പിടുത്തം, ഷെല്‍ട്ടറുകളില്‍ താമസിപ്പിക്കുന്ന നായകളെ നിരീക്ഷിക്കല്‍, വന്ധ്യംകരണ ശസ്ത്രക്രിയ, മരുന്ന്, നായകളെ പിടികൂടിയ സ്ഥലത്ത്തന്നെ പുനരധിവസിപ്പിക്കല് എന്നിവയ്ക്കാണ് തുക ചെലവാക്കുന്നത്.
ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. ചെലവിനായി ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് 70000 രൂപ വീതം സമാഹരിച്ചതും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവുമാണ് ഉണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രമാക്കി നായകളുടെ വന്ധ്യംകരണവും, നിരീക്ഷണവും നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകുന്നില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നിലപാട്.
പ്രദേശവാസികളുടെ എതിര്‍പ്പാണ് പ്രധാനമായും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിലും പത്തനംതിട്ട നഗരസഭയ്ക്കുണ്ടായ പാളിച്ചയാണ് കുമ്പഴ സംഭവത്തിന് കാരണമെന്നാണ് ഉയരുന്ന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: