കാസര്‍കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ പ്രവേശന സമയത്ത് പല പേരുകളിലായി വിദ്യാര്‍ത്ഥികളില്‍ നിന്ന പിരിച്ച് അനധികൃത് പണം തിരിച്ച് നല്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ഉത്തരവ് നല്കി. കുട്ടികളില്‍ നിന്നും പ്രവേശന സമയത്ത് അനധികൃതമായി വാങ്ങിയ പണം ഒരാഴ്ചക്കുള്ളില്‍ തിരിച്ചു നല്‍കാനാണ് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ് നടന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൃഷ്ണഭട്ടെന്ന വ്യക്തി ഡിഡിഇയിക്കും, വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ഡിഡിഇ ഇപ്പോള്‍ മുമ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മേധാവികള്‍ക്ക് കത്തയച്ചത്. പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഇത്തരവില് പിടിഎ ഫണ്ട് പിരിക്കുന്നതിനുള്ള തുക നിശ്ചയിച്ച് നല്‍കിയിരുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന പേരില്‍ പല സ്കൂളുകളും വ്യാപകമായി വന്‍ തുക സംഭാവന പിരിക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ പിടിഎ ആവശ്യപ്പെടുന്ന തുക സംഭാവന നല്‍കിയില്ലെങ്കില്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടുതല്‍ പിരിക്കാന്‍ പാടില്ലെന്ന് അടിയന്തിരമായി എല്ലാ പ്രധാനാധ്യാപകര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കേണ്ടതാണെന്നും ഡിപിഐ ഉത്തരവില്‍ പറയുന്നു. കൂടാതെ കുട്ടികളില്‍ നിന്ന് അധികപിരിവ് നടത്തിയ പ്രഥമാധ്യാപകരോട് വിശദീകരണം ചോദിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ പിരിച്ചതുമായി ബന്ധപ്പെട്ടാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഒരു രക്ഷിതാവില്‍ നിന്ന് തന്നെ രണ്ട് രശീതുകളിലായി സ്കൂള്‍ പ്രവേശന സമയത്ത് 10000 രൂപയാണ് സ്കൂളുകാര് വാങ്ങി യത്. പിടിഎയുടേയും, വികസന നിധിയുടെയും മറ്റും പേരുകളിലാണ് ഈ വിദ്യാലയത്തില്‍ രശീതുകള്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ നല്കിയ പല രശീതുകളിലും കൃത്യമായ ഒപ്പോ, സീലുകളോ ഇല്ലായിരുന്നു.
എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനും അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. പല സ്കൂളുകളും കുട്ടികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ട്രസ്റ്റിന്റെയും മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ്. ഇത് നിയമ നടപടി ഒഴിവാക്കാനുള്ള അടവാണ്. പരാതിയുയര്‍ന്നാല്‍ മാനേജമെന്റിന് സ്വമേധയാ നല്കിയ സംഭാവന നല്‍കിയതാണെന്ന് പറഞ്ഞ് തടിതപ്പാന്‍ സാധിക്കുമെന്നാണ് മാനേജ്മെന്റുകള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: