കൂറ്റനാട്: നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ അക്ഷര വെളിച്ചം പകര്‍ന്ന കെഎംഎസ് നമ്പൂതിരിപാട് ഓര്‍മയായി.
ചളവറ കാടമ്പറ്റ മനയിലാണ് അദ്ദേഹത്തിന്റെ ജനനം. അനങ്ങനടി ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ 1962ലാണ് പെരിങ്ങോട് ഹൈസ്കൂളില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റെടുത്തത്. രണ്ട് പതിറ്റാണ്ടിലേറെ ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. കുട്ടികള്‍ക്കു മുന്നില്‍ കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നെങ്കിലും അവരോട് ഒരുപാട് വാത്സല്യം കരുതിവെച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.
അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ ജനകീയ പരിവേഷം. രാഷ്ട്രീയഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ മറ്റൊരു നാമം പെരിങ്ങോടിനില്ല. പെരിങ്ങോട് ഹൈസ്കൂളില്‍ പഞ്ചവാദ്യ സംഘം രൂപീകരിക്കുന്നത് കെഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെരിങ്ങോട് സ്കൂളിലെ പഞ്ചവാദ്യത്തിന്റെ പ്രചോദനവും ഇദ്ദേഹമാണ്.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്, പഞ്ചവാദ്യസംഘം, കഥകളി പ്രമോഷന് സൊസൈറ്റി എന്നിവയിലും അദ്ദേഹം സജീവമായിരുന്നു. ഒരേ കളരിയില്‍ പഠിച്ച 301 കലാകാരന്മാരെ അണിനിരത്തി പഞ്ചവാദ്യം അവതരിപ്പിക്കുന്നതിന് നേതൃത്വം നല്കിയപ്പോള് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തു.
അധ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പെരുമ. ചിത്രകലയിലും ശില്പകലയിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. വന്‍ജനാവലിയാണ് നാടിന്റെ ഹെഡ്മാഷിന്റെ സംസ്കാരച്ചടങ്ങിന് സാക്ഷിയാകാനെത്തിയത്.
ശേഷം അദ്ദേഹത്തിന്‍െ നാമധേയത്തിലുള്ള ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: