മാനന്തവാടി : എടവക പാണ്ടിക്കടവില്‍ ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
നിലവില്‍ പാണ്ടിക്കടവിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാനന്തവാടി ടൗണിലെ എംഎ പൂള്, എംഎസ് പൂള് തൊഴിലാളികളാണ് ലോഡ് ഇറക്കുന്നതും കയറ്റുന്നതും. എന്നാല്‍ ഇന്നലെ രാവിലെ സിഐടിയുവിന്റെ നേതൃത്വത്തില്‍ പുതിയതായി രൂപീകരിച്ച പ്രാദേശീക തൊഴിലാളികള്‍ ലോഡ് ഇറക്കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ഇരുവിഭാഗത്തിലും എട്ട് പേര്‍ക്ക് പരിക്കേറ്റു. സിപിഎം പനമരം ഏരിയാ സെക്രട്ടറിക്ക് മര്ദ്ദനമേറ്റന്നാരോപിച്ച് ഇന്നലെ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് ആറ് വരെ സിപിഎം പാണ്ടിക്കടവില്‍ ഹര്‍ത്താല്‍ ആചരിച്ചു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്നപരിഹാരത്തിനായി ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: