പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പനിബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുവാന്‍ ഇനിയും ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഓരോ ദിവസവും ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ആയിരക്കണക്കിനാളുകള്‍ ചികിത്സതേടിയെത്തുകയാണ്.
ജില്ലയില്‍ ഇന്നലെമാത്രം വൈറല്‍പ്പനി ബാധിച്ച് 740 പേര് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡിഎംഒ ഡോ. സോഫിയാ ബാനു അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 21 പേരില്‍ 3 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്സ് ബാധിച്ച് ഒരാളും വയറിളക്ക രോഗങ്ങള്‍ക്ക് 35 പേരും ചികിത്സതേടി.
റാന്നി പഴവങ്ങാടി, വല്ലന, കാഞ്ഞീറ്റുകര, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്മനിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്തതും സൗകര്യങ്ങളില്ലാത്തതും ഡോക്ടര്‍മാരുടെ അഭാവവും രോഗികളെ വലയ്ക്കുകയാണ്. പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് കിടക്കയോ, മരുന്നോ, സമയത്തുള്ള ഡോക്ടര്‍മാരുടെ സേവനമോ ലഭിക്കുന്നില്ലായെന്ന് പരാതിയുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ ശ്രദ്ധ ചെലുത്താത്തതും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി. സര്‍ക്കാര്‍ തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പേരിന് മാത്രമാണ്. മിക്കയിടങ്ങളിലും വെള്ളക്കെട്ടും മാലിന്യങ്ങള്‍ കുന്നുകൂടുകയുമാണ്. കൊതുകു നിര്‍മ്മാര്‍ജ്ജനത്തിന് കാര്യക്ഷമമായ പദ്ധതിയില്ലാത്തത് ഡങ്കിപ്പനി വ്യപകമായി പടരുന്നതിന് കാരണമായിട്ടുണ്ട്. മലയോര മേഖല ഡങ്കിപ്പനിയുടെ പിടിയിലാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ വിരങ്ങള്‍ മാത്രമാണ് അധികൃതര്‍ പുറത്തു വിടുന്നത്. എന്നാല്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടുന്നത്. ഇതില്‍ കുടുതലും ഡങ്കിപ്പനിയുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യമൊരുക്കുന്നതിലും ജില്ലാ അധികൃതര്‍ പരാജയപ്പെട്ടു. ആവശ്യത്തിന് മരുന്നുണ്ടെന്നാണ് അവകാശവാദമെങ്കിലും പനിചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍. പ്ലേറ്റ്ലെറ്റ് ഇല്ലാത്തതും ചികിത്സ ദുഷ്കരമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: