തിരുവല്ല:അപ്പര്‍കുട്ടനാടിന്റെ ജീവനാഡികളിലൊന്നായ കോലറയാറിനെ വീണ്ടെടുക്കാന്‍ നാടൊരുമിക്കുന്ന കാഴ്ചക്കാണ് ഇന്നലെ നിരണത്ത്് തുടക്കമായത്. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി എല്ലാവരും നദിപുനര്ജ്ജീവനത്തിന് പ്രതിജ്ഞ ചെയ്തു.
നിരണം സെന്റ്മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി,മന്ത്രി മാത്യൂ.ടി.തോമസ്,ജില്ലാ കളക്ടര്‍ ആര്.ഗിരിജ,ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ ജോഷി,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്,ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലിത്ത,ആര്‍ഡിഒ ജയമോഹന് പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷിബു വര്‍ഗീസ് ലതാപ്രസാദ്,കെ.ജി സുനില്‍കുമാര്‍,എന്നിവര്‍ സംസാരിച്ചു.
പടിഞ്ഞാറന്‍ കളി വള്ളങ്ങള്‍ കുതിച്ചുപാഞ്ഞ കോലറയാര്‍ നാശത്തിന്റെ വക്കിലായിട്ട് പതിറ്റാണ്ട് പിന്നിട്ടു. പമ്പയില്‍ തുടങ്ങി പമ്പയില്‍ തിരിച്ചെത്തുന്നതാണ് കോലറയാര്‍. പമ്പയുടെ മാന്നാര്‍ വഴിയുള്ള ശാഖയില്‍ കടപ്ര അറയ്ക്കല്‍ മുയപ്പില്‍(രണ്ട് ജല പ്രവാഹങ്ങള്‍ ചേരുന്ന ഭാഗം)തുടങ്ങി അരീത്തോട്ടിലെ പൂവംവേലി മുയപ്പു വരെയാണ് കോലറയാര്‍. 7 കിലോമീറ്റര്‍ നീളം. 25മീറ്റര്‍ വീതിയുണ്ടായിരുന്ന കോലറയാറിനിപ്പോള് ശരാശരി 10മീറ്ററാണ് വീതി. ചിലേടത്ത് 5മീറ്റര്‍ മാത്രം. അഞ്ച് പാലങ്ങളാണ് കോലറയാറിന് കുറുകെയുളളത്. ആലാട്ടുകടവ്, ആലുംതുരുത്തി, പളളിക്കടവ്, ഡക്ഫാം, നാലാംവേലില്‍ കലുങ്ക് എന്നിവ. നദിയുടെ യഥാര്‍ഥ വീതിക്ക് അനുസൃതമല്ല ഇവയുടെ നിര്‍മ്മാണമെന്ന് 2002 ല്‍ കോലറയാര്‍ പുനരുജ്ജീവന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുരുത്തിക്കാട് ബി.എ.എം. കോളേജ് രസതന്ത്രവിഭാഗം പി.ജി. ഡിപ്പാര്‍ട്ടുമെന്റ് മുമ്പ് നടത്തിയ പഠനഫലം അനുസരിച്ച്. കോലറയാറിലെ വെളളത്തിന്റെ പി.എച്ച്. മൂല്യം 6.2 ആണ് കണ്ടെത്തിയത്. 6.5 എങ്കിലും വേണ്ടിടത്താണിത്.
ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിച്ച ഓക്സിജന്റെ അളവ് 5 എം.ജി. വേണ്ടപ്പോള്‍ ഇവിടെയുളളത് 4.4 മാത്രം. ബയോളജിക്കല്‍ ഓക്സിജന്‍ അനുവദനീയമായ 3 എം.ജി.യും കടന്ന് 9.6 ആണ്. കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീ ലിറ്ററില്‍ 95000.
അനുവദനീയമായ പരിധി 500 എം.പി.എന്‍. കോലറയാര്‍ സംരക്ഷിക്കുന്നതിന് പുനരുജ്ജീവന സമിതി 2002 ല്‍ 91 ലക്ഷം രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി തിരുവല്ല ആര്.ഡി.ഒ.വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. 3ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. 2012ല്‍ കൈയേറ്റം ഒഴിപ്പുക്കുമെന്ന് പ്രതിജ്ഞയെടുത്ത് കല്ലിടല്‍ നടത്തി. ഇതും പാതി വഴിയിലായി. ഇത്തവണ സര്‍ക്കാര്‍ നാലുകോടിരൂപ പുനരുജ്ജീവനത്തിന് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: