ഒറ്റപ്പാലം : വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശുചീകരണം ശക്തിപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമിരിക്കെ ഒറ്റപ്പാലത്തു ശുചീകരണ പ്രവര്‍ത്തനം താളം തെറ്റുന്നു.
വകുപ്പുകളുടെ ഏകീകരണമില്ലായ്മയാണ് ഇതിന് കാരണം. കുളപ്പുള്ളി ജില്ലാ മേജര്‍ റോഡിന്റെ വശങ്ങളിലുള്ള അഴുക്കുചാലുകള്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്.
അഴുക്കുചാലുകളുടെ ശുചീകരണ പ്രവര്‍ത്തനം നടത്തണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നും അതല്ല നഗരസഭക്കാണെന്നുമുള്ള തര്‍ക്കമാണ് ശുചീകരണം താളം തെറ്റുന്നതിനുള്ള കാരണം. മേജര്‍ റോഡിലെ കണ്ണിയംപുറത്ത് റോഡിന്റെ ഇരുവശത്തുമുള്ള അഴുക്കു്ചാല് മാലിന്യം നിറഞ്ഞതിനാല്‍ മലിനജലം പലയിടത്തും റോഡിലേക്ക് ഒഴുകുകയാണ്.
മഴക്കാലം ആരംഭിച്ചതോടെ ഈ മേഖലയില്‍ പാത നിറഞ്ഞാണ് മലിനജലം ഒഴുകുന്നത്. കടകളിലേക്കും, വീടുകളിലേക്കും മലിനജലം ഒഴുകാന്‍ തുടങ്ങിയതോടെ കണ്ണിയംപുറത്ത് റോഡിന്റെ ഇടതുവശത്തുള്ള അഴുക്കുചാലിന്റെ ഏകദേശം മുന്നൂറ് മീറ്ററോളം ജെസിബി ഉപയോഗിച്ച് നഗരസഭ നേരിട്ട് ശുചീകരിച്ചു. എന്നാല്‍ ഇത് പൂര്‍ണ്ണമായും വൃത്തിയാക്കാത്തതിനാല്‍ സൂര്യനാരായണ മണ്ഡപത്തിന്റെ സമീപത്ത് മണ്ണ് കെട്ടിക്കിടക്കുകയാണ്.
ഇതിനിടെ റോഡിന്റെ വലതുവശത്തുള്ള ചാല് തൊഴിലാളികളെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ശുചീകരിക്കുവാനുള്ള യജ്ഞത്തിലാണ്. കണ്ണിയംപുറത്തെ ഹോണ്ടാഷോറൂമിനു സമീപത്തുള്ള അഴുക്കുചാലിലാണ് ഏറ്റവും കൂടുതല്‍ തടസ്സം നേരിട്ടിരിക്കുന്നത്.
റോഡിനേക്കാള്‍ ഉയരത്തിലാണ് അഴുക്കുചാലുകള്‍ ഉള്ളത്. അതിനാല്‍ വെള്ളം ചാലുകളില്‍ ഒഴുകിയെത്തുന്നില്ല. നഗരസഭ പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സൗന്ദര്യ പിണക്കമാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഡെങ്കിപനിയുള്പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിച്ചിട്ടും വകുപ്പുകള്‍ നിസംഗഭാവം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: