പാലക്കാട് : പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പാലക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ അമ്പത്തിരണ്ട് വാര്‍ഡുകളിലും ക്യാമ്പ് നടത്തി. 2022ഓടുകൂടി എല്ലാവര്ക്കും വീട് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പുകള്‍ നടത്തിയത്.
ജൈനിമേട് താമരക്കുളത്ത് നടന്ന ക്യാമ്പ് എല്‍.ഗണേശന് എംപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷത വഹിച്ചു. ജൈനിമേട് വികസന സമിതി നേതാക്കളായ കെ.ശശി, തോട്ടം ഹരി, രാജശേഖരന്, റബീന, ലീഡ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ.ടി.സി, രോഹിത് കൃഷ്ണന്, സാമ്പത്തിക സെല്‍ കോയമ്പത്തുര് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനില്‍, സെക്രട്ടറി കെ.ഉദയകുമാര്‍, എല്‍.ഗോപാലന്, വൈശാഖ്, സുമതി, പി.സാജു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
അപേക്ഷകള്‍ എംപി നേരിട്ട് സ്വീകരിച്ചു. രാജ്യത്തെ എല്ലാവര്ക്കും വീടെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന അദ്ദേഹം പറഞ്ഞു. വീടെന്ന സ്വപ്നത്തിന് ജാതിമത രാഷ്ട്രീയ പരിഗണനകളില്ല എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
ഇതിനെ പരാജയപ്പെടുത്താന്‍ ഏതെങ്കിലും കോണില്‍ നിന്ന് ശ്രമിക്കുകയാണെങ്കില്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചെ മതിയാകു. ബിജെപിയുടെ ഭരണത്തിന് കീഴിലാണ് പാലക്കാട് എന്നതിനാല്‍ ഇതിന് പ്രത്യേകതയുണ്ട്.
കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി പ്രാവര്‍ത്തികമാകാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പദ്ധതിയെ വിജയിപ്പിക്കാന്‍ പാലക്കാട് നഗരസഭ നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: